എവറസ്റ്റ് നിഗൂഢതകളുടെ ഒരു കേന്ദ്രമാണ്. അവിടേയ്ക്ക് കടന്നു ചെല്ലുന്ന ഓരോരുത്തര്‍ക്കും തോന്നും തങ്ങള്‍ നില്‍ക്കുന്നത് ഒരു ശവപ്പറമ്പിലാണോ എന്ന്. ഒരു ശവപ്പറമ്പില്‍ കാണുന്നത്ര മൃതശരീരങ്ങള്‍ അവിടേയും കാണാനാകുമെന്നത് തന്നെയാണ് ഇതിന് കാരണം. ഇരിക്കുന്ന നിലയിലും കിടക്കുന്ന നിലയിലുമൊക്കെ അവിടെ മൃതദേഹങ്ങള്‍ കാണാന്‍ സാധിക്കും. ഡേവിഡ് ഷാര്‍പ്പ് എന്ന പര്‍വ്വതാരോഹകന്റെ ശരീരം ഒരു ഗുഹയ്ക്ക് സമീപം ഇരിക്കുന്ന നിലയിലാണുള്ളത്. ഗ്രീന്‍ ബൂട്ട്‌സ് കേവ് എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്. 2005ലാണ് ഡേവിഡ് എവറസ്റ്റ് കീഴടക്കാന്‍ ശ്രമിച്ചത്.
കയറ്റത്തിനിടെ ഒരു ഗുഹക്കുസമീപം അല്‍പസമയത്തേക്ക് ഇരുന്ന അദ്ദേഹത്തിന്റെ ശരീരം അനങ്ങാനാകാത്തവിധം തണുത്തുറയുകയായിരുന്നു. ഡേവിഡ് ഷാര്‍പ്പ് തണുത്തുറഞ്ഞ് മരണത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ ധാരാളം പേര്‍ അവിടം കടന്നുപോയി. എന്നാല്‍ ഡേവിഡ് വിശ്രമിക്കാനിരിക്കുകയാണെന്ന് മാത്രമേ അവര്‍ കരുതിയിരുന്നുള്ളു. അവസാനമെത്തിയ ചില ആളുകളാണ് ഡേവിഡില്‍ നിന്ന് ഞരക്കവും മൂളലും ശ്രദ്ധിച്ചത്. പിന്നീടാണ് ഡേവിഡ് മരണത്തിന്റെ വക്കിലാണെന്ന കാര്യം മനസിലാക്കിയത്. അപ്പോഴേയ്ക്കും ശരീരം തണുത്തുറയ്ക്കുകയും ചെയ്തിരുന്നു. എവറസ്റ്റിലേക്കുള്ള പാതയില്‍ മറ്റൊരു ഗുഹയ്ക്ക് സമീപം ഇന്ത്യക്കാരനായ സെവാങ് പല്‍ജോറിന്റെ ശരീരം കാണാനാവും. പച്ച ബൂട്ട് ധരിച്ച അദ്ദേഹത്തിന്റെ ശരീരം കിടക്കുന്ന നിലയിലാണ്. 1996ലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. കൂട്ടം തെറ്റിപോയതാണ് സെവാങ് പല്‍ജോറിന് തിരിച്ചടിയായത്.
കൊടും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഒരു ചെറിയ ഗുഹാ കവാടത്തില്‍ അഭയം തേടിയ അദ്ദേഹം അവിടെ തന്നെ മരിച്ചുവീഴുകയായിരുന്നു. ശരീരങ്ങളെ കേടുകൂടാതെ സൂക്ഷിക്കുന്ന സ്ഥലം കൂടിയാണ് എവറസ്റ്റ്. 93 വര്‍ഷങ്ങള്‍ക്ക് മുമ്പ് എവറസ്റ്റ് കയറാനുള്ള ശ്രമത്തിനിടെ മരിച്ച ജോര്‍ജ് മല്ലോറിയുടെ മൃതദേഹം ഇപ്പോഴും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊടുമുടിയ്ക്ക് മുകളില്‍ ഉണ്ട്. എവറസ്റ്റ് കീഴടക്കുന്ന ആദ്യ മനുഷ്യന്‍ എന്ന നേട്ടത്തിന് അര്‍ഹനാകാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയത് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്.
245 മീറ്ററുകളുടെ വ്യത്യാസത്തിലാണ് ജോര്‍ജ് പരാജയപ്പെട്ടത്. അദ്ദേഹം എവറസ്റ്റ് കീഴടക്കിയശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നോ അപകടം എന്നത് ഇപ്പോഴും പിടികിട്ടാത്ത രഹസ്യമാണ്. 1999ലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മരിച്ച പര്‍വ്വതാരോഹകരുടെ ശരീരങ്ങള്‍ക്കു ചുറ്റും കല്ലുകള്‍ വെച്ച് ഇപ്പോഴും പര്‍വതാരോഹകര്‍ ഈ സാഹസികരെ ബഹുമാനിക്കുന്ന പതിവുണ്ട്. പല ശരീരങ്ങളും വിചിത്രമായ രീതിയിലാണ് കിടക്കുന്നത്. തലകുത്തനെ വീണ നിലയിലുള്ളവയും കിടന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന നിലയിലുള്ളവയും ഉണ്ട്. നിന്ന നില്‍പ്പില്‍ ഐസ് കട്ടയായി മാറാന്‍ തയാറാണെങ്കില്‍ മാത്രമേ എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങത്തിരിക്കാവു എന്നര്‍ത്ഥം.