കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറാനെത്തുന്ന യാത്രികർക്കുള്ള പെർമിറ്റ് ഫീസ് 36 ശതമാനം വർധിപ്പിച്ച് നേപ്പാൾ ഉത്തരവിറക്കി. ഇതോടൊപ്പം മാലിന്യനിയന്ത്രണത്തിനുവേണ്ടിയുള്ള വിവിധ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
വസന്തകാലത്ത് (മാർച്ച്-മേയ്) കിഴക്കൻ മേഖലയിലൂടെ കൊടുമുടി കയറാനെത്തുന്ന വിദേശികൾക്കുള്ള റോയൽറ്റി ഫീസ് 11,000 യുഎസ് ഡോളറിൽനിന്ന് 15,000 ഡോളറിലേക്ക് ഉയർത്തി. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സീസണിലെ ഫീസ് 5,500 ഡോളറിൽനിന്ന് 7,500 ഡോളറിലേക്ക് ഉയർത്തി. ശൈത്യകാലത്തും വർഷകാലത്തും ഓരോരുത്തർക്കും ഏർപ്പെടുത്തുന്ന പെർമിറ്റ് ഫീസിലും വർധനയുണ്ട്.
ഇവ ഇക്കൊല്ലം സെപ്റ്റംബർ 25ന് പ്രാബല്യത്തിൽ വരും. നേപ്പാൾ സ്വദേശികൾക്കുള്ള റോയൽറ്റിയും ഇരട്ടിയാകും.
മനുഷ്യവിസർജ്യം ഉൾപ്പെടെ ബേസ് ക്യാന്പിലേക്കു തിരിച്ചുകൊണ്ടുവന്നു സംസ്കരിക്കണമെന്നും പുതുക്കിയ നിർദേശങ്ങളിലുണ്ട്.
എവറസ്റ്റിൽ അടിഞ്ഞുകൂടുന്ന എല്ലാത്തരം മാലിന്യങ്ങളും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു.