45 ദിവസം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് 10,000 കിലോഗ്രാം മാലിന്യം! ബെയ്‌സ് ക്യാമ്പില്‍ നിന്നു മാത്രം കണ്ടെത്തിയത് 5,000 കിലോഗ്രാം മാലിന്യവും നാല് മൃതദേഹങ്ങളും; എവറസ്റ്റ് ശുചീകരണ പദ്ധതിയുമായി നേപ്പാള്‍ സര്‍ക്കാര്‍

മാലിന്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിനു പോലും രക്ഷയില്ല. പര്‍വതാരോഹകരും സഹായികളും തള്ളുന്ന മാലിന്യമാണ് പര്‍വതത്തെയും വിരൂപമാക്കികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എവറസ്റ്റിനെ രക്ഷിക്കുന്നതിനുവേണ്ടി ഒരു മാലിന്യം നീക്കല്‍ പദ്ധതി ആരംഭിച്ചിരിക്കുന്നു.

നേപ്പാള്‍ സര്‍ക്കാര്‍ ഏപ്രില്‍ 14-ന് ആരംഭിച്ച ‘എവറസ്റ്റ് ശുചീകരണ’ത്തില്‍ ഇതുവരെ 3000 കിലോ ഖരമാലിന്യം ഇതിനോടകം ശേഖരിച്ചുകഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെട്ടു.

നേപ്പാളിലെ സൊലുഖുമ്പു ജില്ലയിലെ ഖുമ്പു പസങ്കമു നഗരസഭയാണ് 45 ദിവസത്തെ ശുചീകരണപരിപാടി ആരംഭിച്ചത്. 10,000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കുകയാണ് ലക്ഷ്യം. 2.3 കോടി നേപ്പാളി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുവരെ തിരിച്ചെടുത്ത മാലിന്യത്തില്‍ 2000 കിലോ ഒഖല്‍ദുംഗയിലേക്ക് മാറ്റിയതായി നേപ്പാള്‍ വിനോദസഞ്ചാരവകുപ്പ് ഡയറക്ടര്‍ ജനറല്‍ ദണ്ടുരാജ് ഖിംറെ പറഞ്ഞു.

എവറസ്റ്റിന്റെ ബെയ്‌സ് ക്യാമ്പിലാണ് ഇപ്പോള്‍ ശുചീകരണം നടക്കുന്നത്. പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം, വെള്ളം, താമസസൗകര്യം എല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നുമാത്രം 5000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മൃതദേഹങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് എവറസ്റ്റ് ശുചീകരണത്തിന് കൂട്ടായൊരു പ്രവര്‍ത്തനം നടക്കുന്നത്.

ഒട്ടേറെ സര്‍ക്കാര്‍, ഇതര ഏജന്‍സികളും രംഗത്തുണ്ട്. വര്‍ഷംതോറും നൂറുകണക്കിന് പര്‍വതാരോഹകരും അവരെ സഹായിക്കുന്ന ഷെര്‍പ്പകളും മറ്റുമായി ഒട്ടേറെപ്പേര്‍ എവറസ്റ്റ് കയറാന്‍ എത്തുന്നുണ്ട്. ഇവര്‍ ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഓക്‌സിജന്‍ കാനുകള്‍, അടുക്കള മാലിന്യം, ഭക്ഷണാവശിഷ്ടം, ബിയര്‍ ബോട്ടില്‍ തുടങ്ങിയവയാണ് പ്രധാനപ്രശ്‌നം.

ഈ വര്‍ഷം 500 വിദേശ പര്‍വതാരോഹകരെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇവരെ സഹായിക്കുന്ന ആയിരത്തോളം പേരുമുണ്ടാവും. കഴിയുന്നത്ര മാലിന്യംനീക്കി കൊടുമുടിയുടെ പരിശുദ്ധി നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഒന്നരമാസം നീളുന്ന ശുചീകരണം മേയ് 29-ന് അവസാനിക്കും. ശേഖരിച്ച മാലിന്യം അന്ന് നാംച്ചെ നഗരത്തില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് കാഠ്മണ്ഡുവിലെത്തിച്ച് ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനുശേഷം പുനചംക്രമണത്തിന് അയക്കും.

Related posts