കയ്റോ: സുപ്രധാന സമുദ്രപാതയായ സൂയസ് കനാലിൽ കുടുങ്ങിയ പടുകൂറ്റൻ കണ്ടെയ്നർ കപ്പലായ എവർ ഗിവണിനെ നീക്കാനുള്ള ശ്രമം ഊർജിതമായി തുടരുന്നു. കപ്പൽ ഉറച്ചഭാഗത്തെ മണ്ണ് നീക്കംചെയ്തുകൊണ്ടിരിക്കുകയാണ്.
ഏകദേശം 20000 ക്യൂബിക് മീറ്റർ മണ്ണും മണലും മാറ്റേണ്ടതായിട്ടുണ്ട്. കപ്പലിലുള്ള കണ്ടെയ്നറുകൾ നീക്കം ചെയ്തശേഷം വേലിയേറ്റസമയത്ത് വലിയ ടഗ് ബോട്ടുകളുടെ സഹായത്തോടെ നീക്കാനാകുമെന്നു കരുതുന്നു.
ഇന്ന് ഉണ്ടാകുന്ന വേലിയേറ്റത്തിലാണ് വലിയപ്രതീക്ഷവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം സൂയസിൽ ചരക്കുനീക്കം പുസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
വരുന്ന ശനിയാഴ്ചയോടെ പ്രശ്നപരിഹാരമാകുമെന്ന് കപ്പലിന്റെ ഉടമസ്ഥർ അഭിപ്രായപ്പെട്ടു.
പക്ഷെ കപ്പൽ നീക്കാൻ നിയുക്തമായ ജപ്പാൻ കന്പനി ഷോഎയികീസന്റെ പ്രസിഡന്റ് യുകിതോ ഹിഗാകി അത്രയും സമയം പോരാ എന്നുപറഞ്ഞ തായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈനയിൽനിന്ന് നെതർലാന്റ്സിലേക്കു പോകുകയായിരുന്ന നാനൂറ് മീറ്റർ നീളവും രണ്ടു ലക്ഷം ടൺ ഭാരവുമുള്ള കപ്പൽ ചൊവ്വാഴ്ച കനത്ത കാറ്റിൽപ്പെട്ട് വട്ടംതിരിഞ്ഞ് മുൻപിൻഭാഗങ്ങൾ മണ്ണിലുറച്ചുപോകുകയായിരുന്നു.
ഇതിനു പിന്നാലെ 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാലിന്റെ ഇരു ഭാഗത്തുമായി 213 കപ്പലുകൾ കുടുങ്ങിയത് ആഗോള ചരക്കു നീക്കത്തെ ഗണ്യമായി ബാധിച്ചു.
960 കോടി ഡോളറിന്റെ ചരക്ക് ഈ കപ്പലുകളിലുണ്ടെന്ന് അനുമാനിക്കുന്നു. ഗൾഫിൽനിന്ന് യൂറോപ്പിലേക്കുള്ള എണ്ണനീക്കം തടസപ്പെടുന്നത് വലിയ പ്രതിസന്ധിക്കിടയാക്കാം.
മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുഗതാഗത ദൈർഘ്യം ഗണ്യമായി കുറയ്ക്കുന്നു. ലോകത്തിലെ ചരക്കു ഗതാഗതത്തിന്റെ പത്തു ശതമാനവും ഇതുവഴിയാണ്.