അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ അടിയന്തര പരാതി പരിഹാര സെല്ലിൽ പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടു പരിഹാരമില്ല. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വേലൻ പറമ്പിൽ ശരത് ബാബുവിനാണ് മുഖ്യമന്ത്രിയെ സമീപിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാത്തത്.
2006 ൽ ധീരതയ്ക്കുള്ള പ്രധാന മന്ത്രിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം ലഭിച്ച വ്യക്തിയാണ് ശരത് ബാബു.സർക്കാർ പുറമ്പോക്ക് ഭൂമി സമീപവാസി കൈയേറിയതോടെ വഴിയില്ലാത്തതിനാൽ തനിക്ക് വഴി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2018ൽ ശരത് ബാബു ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
അനുകൂല നടപടി ലഭിക്കാതെ വന്നതോടെ ശരത് ബാബു വീണ്ടും കളക്ടർക്ക് പരാതി നൽകി. പിന്നീട് തിരുവനന്തപുരത്തെ പട്ടികജാതി വകുപ്പിനും പരാതി കൈമാറി.
വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ശരത് ബാബു കഴിഞ്ഞ വർഷം ജനുവരി 26 ന് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചത്.മുഖ്യമന്ത്രിയുടെ അടിയന്തിര പരാതി പരിഹാര സെല്ലിൽ ഓൺലൈൻ മുഖേനെയാണ് പരാതി നൽകിയത്.
അടിയന്തരമായി തനിക്ക് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശരത് ബാബു മുഖ്യമന്ത്രിയെ സമീപിച്ചത്.എന്നാൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിക്കാത്തതിന്റെ ദു:ഖത്തിലാണ് ഈ യുവാവ്.
മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പ്രയോജനമില്ലാത്ത സ്ഥിതിയായി.പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ അടിയന്തര പരാതി പരിഹാര സെല്ലും നോക്കുകുത്തിയായി മാറി .
v