കുറവിലങ്ങാട്: അപേക്ഷകന്റെ ഒന്നാംചരമവാര്‍ഷികം പിന്നിട്ടപ്പോള്‍ ഗുണഭോക്താവായി തെരഞ്ഞെടുത്തതായി പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്. ഉഴവൂര്‍ പഞ്ചായത്തിലാണ് പരേതന് പ്രത്യേക പരിഗണന നല്കിയ കത്ത്.
കഴിഞ്ഞ മാസം 29നാണ് സെക്രട്ടറിയുടെ കത്ത് അപേക്ഷകന് നല്‍കിയത്. അപേക്ഷകനായിരുന്ന അരീക്കര കട്ടയ്ക്കമറ്റത്തില് കെ.എ. സിറിയക്കിന്റെ മേല്‍വിലാസത്തിലാണ് കത്ത് ലഭിച്ചത്.
സിറിയക്കിന്റെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞമാസം 25ന് ആചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക ആരോഗ്യപരിചരണം ഉറപ്പാക്കുന്ന കത്ത് കൈമാറിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വാതില്‍പ്പടി സേവനത്തില്‍ ആരോഗ്യവകുപ്പിന്റെ പാലിയേറ്റീവ് പരിചരണ ഹോംകെയര്‍ രോഗിയായ തന്നെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു 2022 ജനുവരിയില്‍ സിറിയക് കത്ത് സമര്‍പ്പിച്ചത്.
ഈ സൗകര്യത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടി സിറിയക്കിന് കത്തും ലഭിച്ചിരുന്നു. പിന്നാലെ നടന്ന കത്തിടപാടുകള്ക്കിടയില് 2022 ഏപ്രില്‍ 25ന് സിറിയക് മരണമടയുകയും ചെയ്തു.
സിറിയക്കിനുള്ള മരുന്ന് ലഭ്യമാക്കി സൂക്ഷിക്കാനുള്ള നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയതോടെ സിറിയക് മരണപ്പെട്ടതായി കാണിച്ച് മകന് ബെയ്ലോണ്‍ ഏബ്രാഹം ആരോഗ്യവകുപ്പിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.
ഈ കത്തുകളൊക്കെ അവഗണിച്ചാണ് കഴിഞ്ഞദിവസം പരേതന് വാതില്‍പ്പടി സേവനത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യസുരക്ഷ നല്കുമെന്നുള്ള കത്ത് പഞ്ചായത്ത് കൈമാറിയിരിക്കുന്നത്.