സ്വന്തം ലേഖകന്‍
കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. കസ്റ്റഡി ലഭിച്ചാൽ പ്രതികളായ ഷിബിലി, ആഷിക്, ഫർഹാന എന്നിവരെ ഇന്നുതന്നെ തെളിവെടുപ്പിന് എത്തിക്കും.
കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണു തെളിവെടുപ്പു നടത്തേണ്ടത്.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ചീരട്ടാമലയിൽ നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും തെളിവു നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.
ശനിയാഴ്ച്ച മലപ്പുറം മജിസ്ട്രേറ്റ് കോടതിയാണു പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്തത വേണമെന്നാണ് പോലീസ് പറയുന്നത്.
ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലേക്കാണു പ്രതികൾ കടക്കാൻ ശ്രമിച്ചത്.
നേരത്തെ പെരിന്തൽമണ്ണയിൽ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളെ ഷിബിലി പരിചയപ്പെട്ടത്. അതേസമയം എല്ലാം ഫര്‍ഹാനയുടെ തന്ത്രങ്ങളാണെന്നാണു ചോദ്യം ചെയ്യലില്‍ പോലീസിനു വ്യക്തമായിരിക്കുന്നത്.
പണം തന്നില്ലെങ്കില്‍ കൊല എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി മറ്റൊരു സുഹൃത്തിന്റെ സഹായം കൂടി ഇവര്‍ തേടിയിരുന്നു. എന്നാല്‍ ഈ സുഹൃത്തു കൊല നടക്കുന്ന ദിവസം കോഴിക്കോട്ടെത്തിയിട്ടില്ല. ഇയാളെ സാക്ഷിയാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ചോദ്യം ചെയ്യലില്‍ ഉടനീളം യാതൊരു കൂസലുമില്ലാതെയായിരുന്നു ഫര്‍ഹാനയുടെ മറുപടി. ഒരുവേള ശരീരഭാഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതെല്ലാം എളുപ്പമാണെന്ന രീതിയിലും ഇവര്‍ മറുപടി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.