നിയാസ് മുസ്തഫ
നരേന്ദ്രമോദി സർക്കാരിനെതിരേ ജനരോഷം ശക്തമായിരുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വിലയിരുത്തൽ. എന്നിട്ടും എക്സിറ്റ് പോൾ ഫലം പുറത്തുവന്നപ്പോൾ ഒന്നും സംഭവിക്കുന്നില്ല. 2019ലും മോദി സർക്കാർ അധികാരത്തിലെത്താൻ ഒരുങ്ങുന്നു. ഇത്രയും കാലം മോദി സർക്കാരിനെതിരേ അരയും തലയും മുറുക്കി രംഗത്തുവന്ന പ്രതിപക്ഷ കക്ഷികൾ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നതുപോലെ.
ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടിംഗ് മെഷീനുകൾ സ്വകാര്യ വാഹനങ്ങളിൽ കയറ്റി അനധികൃത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ വോട്ടിംഗ് മെഷീനിൽ തിരിമറി എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. ഇവിഎം ക്രമക്കേട് മുഖ്യവിഷയമാക്കാനാണ് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ തീരുമാനം. ഇതിന്റെ തുടർ ച്ച ആയിട്ടാണ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതും.
എന്നാൽ, വോട്ടിംഗിന് ഉപയോഗിച്ച മെഷീനുകൾ സ്ട്രോംഗ് റൂമുകളിൽ സുരക്ഷിതമാണെന്നു പറഞ്ഞ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി. ഇതു സംബന്ധിച്ച പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കുന്നു. വോട്ടിംഗിനായി ഉപയോഗിക്കാത്ത, അധികമായി കരുതിയ മെഷീനുകൾ നീക്കുന്നതാണു ദൃശ്യങ്ങളിലെന്നു കമ്മീഷൻ പറയുന്നു. ഓരോ സ്ട്രോംഗ് റൂമിനും കേന്ദ്ര സായുധസേനയുടെ കാവലുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
വിവിപാറ്റ് എണ്ണലിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആവശ്യം. ഇക്കാര്യം ഇന്ന് പരിഗണിക്കാമെന്ന് കമ്മീഷൻ പ്രതിപക്ഷ പാർട്ടികളെ അറിയിച്ചു. തങ്ങളുടെ ആവശ്യം കമ്മീഷൻ നിരാകരിച്ചാൽ കോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് ആലോചനയുണ്ട്. ഇവിഎം ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം ഉയർത്താനും നീക്കമുണ്ട്.
വോട്ടെടുപ്പ് ആരംഭിച്ചപ്പോൾതന്നെ വോട്ടിംഗ് മെഷീനെതിരേ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അഞ്ചുശതമാനം വിവിപാറ്റുകൾ മാത്രം എണ്ണിയാൽ മതിയെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. അഞ്ചല്ല, നൂറു ശതമാനവും വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിനായി നിയമപോരാട്ടം തുടരാനും അവർ ആലോചിക്കുന്നു.
അതേസമയം, പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നു. പരാജയ ഭീതിയിൽ നിന്നുണ്ടായ അനാവശ്യവിവാദം എന്നാണ് ബിജെപിയുടെ വിമർശനം. തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കണമെന്നും ജനം വോട്ട് ചെയ്തിട്ടാണ് മോദി സർക്കാർ വീണ്ടും അധികാരമേൽക്കാൻ പോവുന്നതെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.
പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് ഇന്നലെ കൂടിയ എൻഡിഎ യോഗത്തിൽ നരേന്ദ്രമോദി പറഞ്ഞു.ജനഹിതം ബഹുമാനത്തോടെ അംഗീകരിക്കണമെന്നും വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് കമ്മീഷനെ സമീപിച്ചത് അൽപ്പത്തമാണെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തുന്നു.
തങ്ങൾ വിജയിക്കുന്പോൾ മാത്രം വോട്ടിംഗ് മെഷീനുകൾ നല്ലതും അല്ലാത്തപ്പോൾ കൃത്രിമം നടന്നതും എന്നതാണ് പ്രതിപക്ഷത്തിന്റെ രീതിയെന്ന് കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ആരോപിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് പ്രതിപക്ഷ പാർട്ടികൾ ജനങ്ങളോട് മാപ്പ് ചോദിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.
ശിരോമണി അകാലിദൾ നേതാവും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. മൂന്ന് സംസ്ഥാനങ്ങളിൽ വിജയിച്ചപ്പോൾ വോട്ടിംഗ് മെഷീനുകൾ പ്രതിപക്ഷത്തിന് നല്ലതായിരുന്നു. എക്സിറ്റ് പോളുകൾ പുറത്തുവന്നതോടെ അവരുടെ പരാജയം ഉറപ്പായിരിക്കുകയാണ്. ഇതോടെ അവർ ഇവിഎമ്മിനെ കുറ്റം പറയാൻ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മമതാ ബാനർജിയും അരവിന്ദ് കെജ്രിവാളും ചന്ദ്രബാബു നായിഡുവും അമരീന്ദർ സിംഗുമെല്ലാം തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറിയപ്പോൾ വോട്ടിംഗ് യന്ത്രത്തിന് യാതൊരു തകരാറുമില്ല. എന്നാൽ, മോദി അധികാരത്തിലേറുന്പോൾ ഇവരെല്ലാം യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു.
വോട്ടെടുപ്പ് അട്ടിമറിക്കാൻ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകളിൽ ആശങ്ക പങ്കുവച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും രംഗത്തുവന്നിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ കമ്മീഷന്റെ പ്രവർത്തനത്തെ പ്രകീർത്തിച്ച് സംസാരിച്ചതിന് തൊട്ടു പിറകെയാണ് പുതിയ പ്രസ്താവനയുമായി പ്രണബ് മുഖർജി രംഗത്തുവന്നതെന്നും ശ്രദ്ധേയമായിരുന്നു.