ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കറന്‍സി റദ്ദാക്കലില്‍ രാജ്യം പ്രതിസന്ധിയിലായപ്പോള്‍ വളര്‍ന്നത് ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍. കറന്‍സി റദ്ദാക്കല്‍ ഒരു മാസം പിന്നിടുമ്പോള്‍ 300 ശതമാനം വളര്‍ച്ചയാണ് ഡിജിറ്റല്‍ പേമെന്റ് മേഖല നേടിയത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഇ–വാലറ്റ് സേവനങ്ങളായ ഓക്‌സിജന്‍, പേടിഎം, മൊബി ക്വിക്ക് തുടങ്ങിയവയുടെ പ്രതിദിന ഇടപാടുകളുടെ എണ്ണം 63 ലക്ഷമായി (ഡിസംബര്‍ ഏഴു വരെ) ഉയര്‍ന്നു. വളര്‍ച്ച 271 ശതമാനം. കറന്‍സി റദ്ദാക്കിയ നവംബര്‍ എട്ടിന് 17 ലക്ഷം ഇടപാടുകള്‍ മാത്രമാണു നടന്നത്. രൂപയുമായി ബന്ധപ്പെടുത്തിയാല്‍ പ്രതിദിന കൈമാറ്റം 52 കോടി രൂപയില്‍നിന്ന് 191 കോടി രൂപയായി ഉയര്‍ന്നു.
റൂപേ കാര്‍ഡുകളുടെ ഉപയോഗത്തില്‍ 316 ശതമാനം വര്‍ധനയുണ്ടായി. പ്രതിദിന ഇടപാടുകള്‍ 3.85 ലക്ഷത്തില്‍നിന്ന് 16 ലക്ഷമായി ഉയര്‍ന്നു. ഇത് തുകയായി തിട്ടപ്പെടുത്തിയാല്‍ 39 കോടിയില്‍നിന്ന് 236 കോടി രൂപയായി (503 ശതമാനം വളര്‍ച്ച). ഈ പ്രവണത നീണ്ടുനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെയും ഡിജിറ്റല്‍ പേമെന്റ് കമ്പനികളുടെയും പ്രതീക്ഷ. ചുരുങ്ങിയത് കറന്‍സികള്‍ യഥേഷ്ടം ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നതു വരെയെങ്കിലും. ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് ഇന്‍സെന്റീവ് നല്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടുകളില്‍ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്കു തിരിയുമ്പോള്‍ ഓരോ ഇടപാടും തിട്ടപ്പെടുത്താം, നികുതി കൃത്യമായി പിരിക്കാം, രാജ്യത്തെ സാമ്പത്തിക ഉന്നതിയിലേക്ക് നയിക്കാം തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പ്രതീക്ഷകള്‍. വാലറ്റ് കമ്പനികള്‍ ചാകര കിട്ടിയ ആഹ്ലാദത്തിലാണ്. കറന്‍സി റദ്ദാക്കലിന്റെ ആനുകൂല്യത്തില്‍ അടുത്ത രണ്ടു–മൂന്നു വര്‍ഷംകൊണ്ട് 35,000 കോടി ഡോളറിന്റെ ഇടപാടുകള്‍ നടക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എങ്കിലും കറന്‍സികള്‍ ആവശ്യാനുസരണം ലഭിച്ചുതുടങ്ങിയാല്‍ ഈ കുതിപ്പ് തളരുമെന്നും ഡിജിറ്റല്‍ വാലറ്റ് കമ്പനികള്‍ പറയുന്നുണ്ട്.