ചെറുതോണി: ഇടുക്കി അണക്കെട്ട് നിറഞ്ഞുതുളുന്പാൻ ഒരുങ്ങിനിൽക്കെ പദ്ധതിയുടെ വഴികാട്ടിയായ ആദിവാസി മൂപ്പൻ കൊലുന്പന്റെ സ്മരണയ്ക്കും പൂനിലാവിന്റെ തെളിമ. 1932ൽ ഇടുക്കിയിൽ നായാട്ടിനായെത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു.ജെ. ജോണ് അവിചാരിതമായാണു പൈനാവ് പാറേമാവ് പ്രദേശത്ത് എത്തുന്നത്.
ജോണിന് ഈപ്രദേശത്തെ ഭൂപ്രകൃതിയെ സംബന്ധിച്ചു തീരെ അറിവുണ്ടായിരുന്നില്ല. മൂലമറ്റത്തുനിന്നുള്ള കൊടുംവളവുകളും മലയും താണ്ടിയെത്തിയ ജോണിന് ഇടുക്കി പ്രദേശം ചുറ്റിക്കാണുന്നതു ശ്രമകരമായ കാര്യമാണെന്ന് മനസിലായി. ഒരു സഹായിയെ അന്വേഷിച്ചിറങ്ങിയ ഇദ്ദേഹം പാറേമാവിൽ കൂട്ടമായി അധിവസിച്ചിരുന്ന ഉൗരാളിക്കുടിയിലെത്തി തന്റെ ആവശ്യം അറിയിച്ചു.
ഉൗരാളി സമുദായത്തിന്റെ ഗോത്രത്തലവനായ കരിവെള്ളിയാൻ കൊലുന്പനെന്നും ചെന്പൻ കൊലുന്പൻ എന്നും വിളിപ്പേരുള്ള ഗോത്രത്തലവൻ സൂപ്രണ്ടിനെ ഈപ്രദേശം ചുറ്റിക്കാണിക്കാൻ തയാറായി. വനമേഖലയിലൂടെ വേട്ടയാടിയും പ്രകൃതി സൗന്ദര്യമാസ്വദിച്ചും ദിവസങ്ങൾ ചെലവഴിച്ചു.
ആ യാത്രയിലാണ് രണ്ടു കൂറ്റൻ പാറകളുടെ ഇടയിലെ ഇടുങ്ങിയ ചാലിലൂടെ നദി ഒഴുകി പ്പോകുന്നതു കൊലുന്പൻ ജോണിനെ കാണിച്ചുകൊടുത്തത്. ജോണ് കൊലുന്പന്റെ കൂട്ടാളികളെയുംകൂട്ടി നീളമുള്ള മുളകൾ കൂട്ടിക്കെട്ടി നദിയുടെ ആഴം അളന്നുതിട്ടപ്പെടുത്തിയ ശേഷം മടങ്ങിപ്പോയി.
സൂപ്രണ്ടിനു വഴികാട്ടിയായ കൊലുന്പൻ കുറവൻ, കുറത്തി മലകളുടെ ഐതിഹ്യവും പറഞ്ഞുകൊടുത്തിരുന്നു. ഈസ്ഥലത്ത് അണക്കെട്ടു നിർമിച്ചു ജലവൈദ്യുത പദ്ധതിക്കുള്ള സാധ്യത മനസിലാക്കിയ ജോണ് റിപ്പോർട്ട് തയാറാക്കി സർക്കാരിനുനൽകി. അങ്ങനെ ലോകപ്രസിദ്ധമായ ഇടുക്കി പദ്ധതിക്കു ജീവൻ വച്ചു. ഇതിലൂടെ ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ കൊലുന്പന്റെ നാമവും ലോകം മുഴുവൻ അറിയപ്പെട്ടു.
കേരള സർക്കാർ കൊലുന്പന്റെ സേവനം പരിഗണിച്ച് അഞ്ചാംക്ലാസ് വിദ്യാർഥികളുടെ മലയാള പാഠാവലിയിൽ ഇടുക്കി പദ്ധതിയിലുള്ള കൊലുന്പന്റെ പങ്ക് പഠനവിഷയമാക്കി. പൈനാവിനും ചെറുതോണിക്കുമിടയിൽ വെള്ളാപ്പാറയിലാണ് കൊലുന്പന്റെ സ്മൃതികുടീരം നിർമിച്ചിരിക്കുന്നത്.
ഇവിടെ ആദിവാസി വിഭാഗത്തിലുള്ള ഉൗരാളി സമുദായക്കാർ രാവും പകലും വിളക്കുവയ്ക്കുകയും വെറ്റിലമുറുക്കാനും മറ്റും കാണിക്കയായി നൽകുകയും ചെയ്തുവരുന്നു. കൊലുന്പന്റെ നാമത്തിൽ തടാകത്തിൽ ബോട്ടും ചെറുതോണി അണക്കെട്ടിനോടുചേർന്നു പൂർണകായ പ്രതിമയും നിർമിച്ചിട്ടുണ്ട്. കൊലുന്പന്റെ സ്മരണ നിലനിർത്താൻ സംസ്ഥാന സർക്കാർ ലക്ഷങ്ങൾ മുടക്കി സ്മൃതിമണ്ഡപം നവീകരിച്ചിട്ടുണ്ട്.
ബിജു കലയത്തിനാൽ