ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ വഴിയരികിൽ കണ്ടെത്തി. തെക്ക്പടഞ്ഞാറൻ ഡൽഹിയിൽ ബ്രാർ സ്ക്വയറിലാണ് മൃതദേഹം കണ്ടെത്തിയത്. ഡൽഹി കന്റോൺമെന്റിലെ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചികിത്സയ്ക്കായി രാവിലെ വീട്ടിൽനിന്നും ഇറങ്ങിയതായിരുന്നു.
ഒന്നരമണിക്കൂറിനു ശേഷം കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപത്തുനിന്നും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. മേജറാണ് ഭാര്യയെ രാവിലെ ആശുപത്രിക്കു മുന്നിൽ ഇറക്കിവിട്ടത്. പിന്നീട് മടക്കികൊണ്ടുവരാൻ ഡ്രൈവർ എത്തിയപ്പോൾ ചികിത്സ തേടി ഇവർ ഇവിടെയെത്തിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കഴുത്തിലെ മുറിവിന് പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയതാകാമെന്നാണു നിഗമനം. ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലിറങ്ങിയതിനു ശേഷം മറ്റൊരു കാറില്‍ ഇവര്‍ പോകുന്നതും കണ്ടവരുണ്ട്.
സംഭവത്തിനു പിന്നില്‍ ആരാണെന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ തെളിവിനായി ഇവരുടെ ഫോണില്‍ വന്ന കോളുകള്‍ പരിശോധിക്കുകയാണ്.