ലക്നോ: ഉത്തർപ്രദേശിൽ ബിജെപി മുൻ എംപിയുടെ മകൻ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മരിച്ചു. ലക്നോവിലെ എസ്ജിപിജിഐ ആശുപത്രിയിലാണു സംഭവം.
ബിജെപി നേതാവ് ഭൈറോൺ പ്രസാദ് മിശ്രയുടെ മകൻ പ്രകാശ് മിശ്ര (41) ആണ് മരിച്ചത്. കിഡ്നി രോഗിയായ പ്രകാശ് മിശ്രയെ ഞായറാഴ്ച രാത്രി 11 ഓടെയാണ് ആശുപത്രിയിലെത്തച്ചത്. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇവിടെ ഒരു കിടക്കപോലും ലഭിച്ചില്ല. താമസിയാതെ മരണം സംഭവിച്ചു.
ഇതേതുടർന്ന് അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ മകന്റെ മൃതദേഹവുമായി ഇരുന്ന് ഭൈറോൺ പ്രസാദ് മിശ്ര പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു.
വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയ ആശുപത്രി അധികൃതർ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരേ ആഞ്ഞടിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഇത് ആശുപത്രിയുടെ കുഴപ്പമല്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെറ്റാണ്. ആശുപത്രിക്ക് ബജറ്റ് നൽകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.