നെയ്യാറ്റിൻകര: മുൻമന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പൻ (85) അന്തരിച്ചു. ശാരീരികാസ്വസ്ഥതകളെത്തുടർന്ന് വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു. ബെല്ലയാണ് ഭാര്യ. നാലു മക്കളുണ്ട്. 1934 ഏപ്രിൽ 20 ന് സി. ജോണ്‍സണിന്റെയും ജ്ഞാനമ്മയുടെയും മകനായി ജനിച്ച വി.ജെ ബാലരാമപുരം ഹൈസ്കൂളിലെ 1951 ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥിയാണ്.
പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ബിരുദം പൂർത്താക്കി. രണ്ടു വർഷത്തോളം കെഎസ്ആർടിസി യിൽ ക്ലാർക്കായും സേവനം അനുഷ്ഠിച്ചു. വിദ്യാർഥിയായിരിക്കുന്പോൾ എസ്എഫ്ഐ യിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് സിപിഎമ്മിലെ സജീവപ്രവർത്തകനായി. നെയ്യാറ്റിൻകര ബാറിലെ ഏറ്റവും പ്രമുഖനായ അഭിഭാഷകനായും അദ്ദേഹം അറിയപ്പെട്ടു.
1963 -ൽ നെയ്യാറ്റിൻകര നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ചെയർമാനായും സേവനം അനുഷ്ഠിച്ചു. നെയ്യാറ്റിൻകര നഗരസഭയിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ചെയർമാൻ എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തം. സ്വദേശാഭിമാനി ടൗണ്‍ ഹാളിന് ആ പേര് സമ്മാനിച്ചതും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം സ്വദേശാഭിമാനി പാർക്ക് യാഥാർഥ്യമാക്കിയതും
വി.ജെ യുടെ കാലത്താണ്. നേമം നിയോജകമണ്ഡലത്തിൽ 1983 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തി. 1987-ലും 1991- ലും നേമം മണ്ഡലത്തെ പ്രതിനിധീകരിച്ച വി.ജെ 2006- ൽ നെയ്യാറ്റിൻകരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1987- 91 കാലഘട്ടത്തിൽ ഇ.കെ നായനാർ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു.