സ്വന്തം ലേഖകൻ
ചാലക്കുടി: ചാലക്കുടിയുടെ പല വികസന സ്വപ്നങ്ങളും യാഥാർഥ്യമാക്കി ജനമനസിൽ ഇടം നേടിയ നേതാവായിരുന്നു അന്തരിച്ച മുൻ എംഎൽഎ റോസമ്മ ചാക്കോ. 1991ലാണ് റോസമ്മ ചാക്കോ ചാലക്കുടിയിൽനിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി.പി.ജോർജിനുശേഷം കോണ്ഗ്രസിനു കൈവിട്ടുപോയ മണ്ഡലം റോസമ്മ ചാക്കോയിലൂടെയാണ് തിരിച്ചുപിടിച്ചത് ചാലക്കുടിക്കാർക്ക് അപരിചിതയായ റോസമ്മ ചാക്കോ ആയിരുന്നു.
ഇടുക്കിയിൽനിന്നാണ് ചാലക്കുടിയിൽ സ്ഥാനാർഥിയായി എത്തിയത്.എംഎൽഎ ആയശേഷം ചാലക്കുടിയിൽതന്നെ താമസമാക്കിയാണ് മണ്ഡലത്തിനുവേണ്ടി പ്രവർത്തിച്ചത്. വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചുനിന്ന ചാലക്കുടിയിൽ റോസമ്മ ചാക്കോ നിരവധി പദ്ധതികൾക്കു തുടക്കം കുറിച്ചു.ചാലക്കുടിപ്പുഴയിൽ നിർമിച്ച ഞർളക്കടവ് പാലം റോസമ്മ ചാക്കോയുടെ കാലഘട്ടത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ്.
കൂടാതെ ചാലക്കുടി ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം ഉയർന്ന പ്രദേശങ്ങളിലേക്കു വെള്ളം എത്തിക്കുന്ന താണിപ്പാറ പദ്ധതിയും കൂടപ്പുഴ തടയണയ്ക്കു നാന്ദി കുറിച്ചതും റോസമ്മ ചാക്കോയായിരുന്നു. ചാലക്കുടിയിലെ തകർന്നുകിടന്ന റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കിയത് നാട്ടുകാർ ഇന്നും ഓർക്കുന്നു.
ചാലക്കുടിയിൽ വൈദ്യുതി മന്ദിരം നിർമിച്ചതും അതിരപ്പിള്ളിയിൽ ടൂറിസ്റ്റുകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയതും റോസമ്മ ചാക്കോയുടെ കാലഘട്ടത്തിലായിരുന്നു. എംഎൽഎ ആസ്തിവികസന ഫണ്ടും എംപി ഫണ്ടും ഇല്ലാതിരുന്ന കാലത്താണ് റോസമ്മ ചാക്കോ ഇത്രയും വികസന പ്രവർത്തനങ്ങൾ നടത്തിയത്.
ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ 300 ബെഡ് സൗകര്യങ്ങളോടെ മൂന്നുനിലയിൽ കെട്ടിടം പണിയുന്നതിനുള്ള പദ്ധതിക്ക് 1993-ൽ അനുമതി ലഭിച്ചതായിരുന്നു. പദ്ധതിയുടെ ശിലാസ്ഥാപനവും നടന്നതായിരുന്നു. ശതാബ്ദി സ്മാരക മന്ദിരം എന്ന കാഴ്ചപ്പാടോടെ നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതി റോസമ്മ ചാക്കോയുടെ കാലാവധി കഴിഞ്ഞതോടെ മാറിവന്ന സർക്കാർ നടപ്പിലാക്കിയില്ല.
അടുത്ത തെരഞ്ഞെടുപ്പിൽ റോസമ്മ ചാക്കോ മണലൂരിലേക്ക് മാറിപ്പോകുകയായിരുന്നു. റോസമ്മ ചാക്കോയുടെ കാലഘട്ടം ഇന്നും നാട്ടുകാർ ഓർത്തിരിക്കുന്നത് അവരുടെ വികസന കാഴ്ചപ്പാടിനു ലഭിക്കുന്ന അംഗീകാരം തന്നെയാണ്.