തൊടുപുഴ: താമസിക്കുന്ന വീട്ടില്നിന്ന് ഒഴിയണമെന്ന് ദേവികുളം മുന് എംഎല്എ എസ്. രാജേന്ദ്രന് റവന്യു വകുപ്പിന്റെ അന്ത്യശാസനം. സ്വയം ഒഴിഞ്ഞു പോയില്ലെങ്കില് ബലമായി ഒഴിപ്പിക്കാന് പോലീസിന്റെ സഹായം തേടി ജില്ലാ പോലീസ് മേധാവിക്ക് ദേവികുളം സബ് കളക്ടര് കത്തു നല്കി.
എന്നാല് മൂന്നാര് ഇക്കാനഗറിലെ വീട്ടില്നിന്ന് എന്തു വന്നാലും ഒഴിയില്ലെന്നാണ് രാജേന്ദ്രന്റെ നിലപാട്. മുന് മന്ത്രി എം.എം. മണി എംഎല്എയാണ് നോട്ടീസിനു പിന്നില് പ്രവര്ത്തിച്ചതെന്ന് രാജേന്ദ്രന് ആരോപിച്ചു.
ഏറെനാളുകളായി എസ്. രാജേന്ദ്രനും എം.എം. മണിയും തമ്മില് രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളും വാക്പോരുമാണ് നടക്കുന്നത്.ഇക്കാനഗറിലെ ഏഴു സെന്റ് സ്ഥലത്താണ് രാജേന്ദ്രന് കുടുംബത്തോടൊപ്പം താമസിക്കുന്നത്.
ഇത് കൈയേറ്റഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ഏഴു ദിവസത്തിനുള്ളില് വീട്ടില്നിന്ന് ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിലുള്ളത്. ദേവികുളം സബ് കളക്ടറുടെ നിര്ദേശാനുസരണം മൂന്നാര് വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്കിയത്.
ഇക്കാനഗറിലെ 843, 843 സര്വേ നമ്പരുകളില്പ്പെട്ട 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റെയാണെന്നാണ് കെഎസ്ഇബി അവകാശപ്പെടുന്നത്. ഇതിനിടെ ഇക്കാനഗര് സ്വദേശി ഭൂമി പതിച്ചു നല്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല് കോടതിയില് ഹാജരാക്കിയ രേഖകള് വ്യാജമാണെന്ന് കണ്ടെത്തിയതോടെ മുഴുവന് കൈയേറ്റങ്ങളും ഒഴിപ്പിക്കാന് കോടതി നിര്ദേശം നല്കുകയായിരുന്നു.
ഇതിനു പിന്നാലെ ഭൂമിയുടെ രേഖകള് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കാ നഗറിലെ അറുപതോളം കുടുംബങ്ങള്ക്ക് നോട്ടീസ് നല്കിയെങ്കിലും രാജേന്ദ്രനു മാത്രമാണ് ഒഴിപ്പിക്കല് നോട്ടീസ് നല്കിയത്.
മൂന്നാറില്നിന്നു തുരത്താൻ ശ്രമം: രാജേന്ദ്രന്
ഒഴിപ്പിക്കൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് എസ്. രാജേന്ദ്രന് പറഞ്ഞു. തനിക്കെതിരെയുള്ള എം.എം. മണിയുടെ നേതൃത്വത്തിലുള്ള വേട്ടയാടലിന്റെ ഭാഗമാണ് നോട്ടീസ്. മൂന്നാറില്നിന്നു തന്നെ ഓടിക്കുമെന്ന് എം.എം. മണി പൊതുയോഗത്തില് പറഞ്ഞിരുന്നു.
രേഖകള് ഹാജരാക്കാന് റവന്യു വകുപ്പ് നോട്ടീസ് നല്കിയവരുടെ കൂട്ടത്തില് താനുമുണ്ട്. 29നാണ് ഹിയറിംഗ് നടക്കുന്നത്. അതിനു മുമ്പ് തന്നെ പെരുവഴിയിലിറക്കാനാണ് എം.എം. മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് ശ്രമിക്കുന്നതെന്നും രാജേന്ദ്രന് പറഞ്ഞു.