കൊച്ചി: മാസപ്പടി കേസില്‍ എക്സാലോജിക്കുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സിഎംആര്‍എല്‍ കൈമാറുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇടപാടുകള്‍ സംബന്ധിച്ച രേഖകളും കരാര്‍ രേഖകളുമായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍നിന്ന് ഇഡി ആവശ്യപ്പെട്ടത്.
എന്നാല്‍, ചീഫ് ഫിനാന്‍സ് മാനേജര്‍ പി. സുരേഷ് കുമാര്‍ കരാര്‍ രേഖ ഹാജരാക്കിയില്ല. ഇതിനെ തുടര്‍ന്നു സുരേഷ് കുമാറിനെ ഇഡി ഇന്നും ചോദ്യംചെയ്യും. ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പരിശോധിക്കുകയും തീര്‍പ്പാക്കുകയും ചെയ്തതാണെന്നാണ് സുരേഷ് കുമാര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്.
അങ്ങനെ തീര്‍പ്പാക്കിയ കേസിന്റെ രേഖകള്‍ കൈമാറാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നാണ് ഇഡി പറയുന്നത്. സുരേഷ് കുമാറിനെ കൂടാതെ മുന്‍ കാഷ്യര്‍ വാസുദേവനെയും ഇന്നും ചോദ്യംചെയ്യും.
എക്സാലോജിക്കിന്റെ സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് മെയ്ന്റനന്‍സുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടയാളാണ് പി. സുരേഷ്കുമാര്‍. കമ്പനി എംഡി സി.എന്‍. ശശിധരന് കര്‍ത്തയുടെ കമ്പനി സെക്രട്ടറി കൂടിയായ സുരേഷ്കുമാറാണ് കമ്പനിയുടെ പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം മൂന്ന് ജീവനക്കാരെ 24 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്ന് രണ്ട് പേരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.