തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെയുള്ള മാസപ്പടിക്കേസിൽ കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണസംഘം വീണ വിജയന് രേഖകൾ ഹാജരാക്കാൻ ഉടൻ നോട്ടീസ് നൽകിയേക്കും. രേഖകൾ പരിശോധിച്ചശേഷം വീണയിൽ നിന്നും വിവരശേഖരണം നടത്തും.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ആസ്ഥാനത്ത് ഇന്നലെ എസ്എഫ്ഐഒ പരിശോധന നടത്തിയിരുന്നു. കരിമണൽ കന്പനിയായ സിഎംആർഎല്ലിന്റെ ആലുവയിലെ ഓഫീസിലും കഴിഞ്ഞ ദിവസം എസ്എഫ്ഐഒ സംഘം പരിശോധന നടത്തുകയും ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
അടുത്തപടിയായി വീണയുടെ കന്പനിയായ എക്സാലോജിക്കിന്റെ രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഉടൻ നോട്ടീസ് നൽകുമെന്നാണറിയുന്നത്. രാഷ്ട്രീയപാർട്ടി നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കരിമണൽ കന്പനിയിൽനിന്നു മാസപ്പടി വാങ്ങിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികയിലുളള മുഴുവൻ പേരെയും എസ്എഫ്ഐഒ സംഘം വിളിച്ച് വരുത്തി മൊഴിയെടുക്കും.
അതേ സമയം എസ്എഫ്ഐഒ യുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജിയിൽ കോടതി കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ മറുപടി തേടിയിട്ടുണ്ട്. ഉടൻ തന്നെ കോർപ റേറ്റ് കാര്യ മന്ത്രാലയം കോടതിയിൽ തങ്ങളുടെ നിലപാട് അറിയിക്കും.
ബംഗളൂരു രജിസ്ട്രാർ ഓഫ് കന്പനീസിന്റെ അന്വേഷണത്തിൽ സിഎംആർഎലുമായി എക്സാലോജിക്കിനുണ്ടായ ഇടപാടിൽ കെഎസ്ഐഡിസിയുടെ പങ്കാണു പരിശോധിക്കുന്നത്. അഡീഷണൽ ഡയറക്ടർ പ്രസാദ് അദേല്ലി, ഡപ്യൂട്ടി ഡയറക്ടർ എം.അരുണ്‍ പ്രസാദ്, കെ. പ്രഭു, എ. ഗോകുൽനാഥ്, കെ.എം.എസ്. നാരായണ്‍, ബി.എസ്. വരുണ്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ മാസപ്പടി കേസിനെ രാഷ്ട്രീയമായി നേരിടാനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലാണ് അന്വേഷണമെന്ന അഭിപ്രായമാണ് എൽഡിഎഫ് നേതാക്കൾ താഴേ തട്ടിലുള്ള അണികൾക്ക് നൽകിയിരിക്കുന്നത്.