തളിപ്പറമ്പ്: പഠനവൈകല്യം കാണിച്ച് പ്രത്യേക പരിഗണനക്ക് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വർഷവും വർദ്ധനവ്. സർക്കാർ നൽകുന്ന സൗകര്യം ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ മിടുക്കൻമാരെ സൃഷ്ടിക്കാനുള്ള ചില വിദ്യാലയങ്ങളുടെ നീക്കങ്ങളാണ് ഇത്തവണ തളിപ്പറന്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള അപേക്ഷകരുടെ എണ്ണം വർദ്ധിപ്പിച്ചതെന്നാണ് ആക്ഷേപം.
വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരവും എല്ലാവർക്കും എ പ്ലസ് നേടിയെടുക്കണമെന്ന ചിന്തയുമാണ് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠനവൈകല്യമുണ്ടെന്ന് അപേക്ഷ നൽകി സഹായിയെ വെച്ച് പരീക്ഷയെഴുതിപ്പിച്ച് ഉയർന്ന വിജയം നേടിയെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
തളിപ്പറന്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഇത്തരം അപേക്ഷകരുടെ എണ്ണം നാനൂറ് കവിഞ്ഞു. കൂടുതൽ പരിശോധനകളൊന്നും നടത്താതെ അപേക്ഷകളിൽ മേൽ തീരുമാനമെടുക്കുന്നതിനെതിരെ വിദ്യാഭ്യാസ പ്രവർത്തകർ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്. കഴിഞ്ഞ തവണ വഴിവിട്ട രീതിയിൽ ഇത്തരത്തിൽ നിരവധി അപേക്ഷകൾ നൽകിയ ഒരു വിദ്യാലയത്തിനെതിരെ അന്വേഷണം നടന്നിരുന്നു.
എന്നാൽ ഇത്തവണയും നിയമം അനുവദിക്കുന്ന ഒരു ആനുകൂല്യം ഉപയോഗിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. ഇന്റഗ്രേറ്റഡ് എജ്യുക്കേഷൻ ഫോർ ഡിസേബിൾഡ് ചിൽഡ്രൻസ് (ഐഇഡിസി) എന്ന പദ്ധതി പ്രകാരം പഠനവൈകല്യം ഉള്ളവർക്ക് പരീക്ഷയെഴുതിക്കൊടുക്കാൻ സഹായിയെ ഉപയോഗപ്പെടുത്താമെന്ന നിർദ്ദേശമാണ് പല വിദ്യാലയങ്ങളും ദുരുപയോഗം ചെയ്യുന്നത്.