പരിശ്രമമാണ് എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം. നാം ചെയ്യേണ്ടതു നാം കൃത്യമായി ചെയ്തു എന്ന വിശ്വാസം എക്കാലവും വിജയത്തിനു സഹായിക്കും. നമ്മുടെ കഴിവ് എത്ര ചെറുതോ വലുതോ ആകട്ടെ, നമ്മുടെ ഭാഗത്തുനിന്ന് പരിശ്രമം ഉണ്ടാകണം. ഇതുവരെ പല പരാജയങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും ഇനിയും പരിശ്രമിച്ചാൽ വിജയിക്കാം. ഈ ദിവസങ്ങളെങ്കിലും ഫലപ്രദമായി വിനിയോഗിക്കും എന്ന ഒരു തീരുമാനം മതി; വിജയം സുനിശ്ചിതം.
നമുക്കു പരിശ്രമിക്കാം; വിജയം സുനിശ്ചിതം
സ്കൂളുകളിൽ 10, പ്ലസ് ടു ക്ലാസുകളിൽ സിലബസ് പൂർത്തിയായ ഘട്ടമാണിത്. ഇനി കുട്ടിയുടെ സ്വപ്രയത്നത്തിനാണു പ്രാധാന്യം. കുട്ടികൾക്കു പഠനത്തെച്ചൊല്ലി മാതാപിതാക്കളിൽ നിന്ന് ഏറെ ശാസനകൾക്കും സമ്മർദങ്ങൾക്കും സാധ്യതയുള്ള ദിനങ്ങൾ. അത്തരം സമ്മർദം തികച്ചും സ്വാഭാവികമായിത്തന്നെ കാണണം. പരീക്ഷയും അതിലെ വിജയവും ജീവിതം മെച്ചപ്പെടുത്താൻ കിട്ടുന്ന ഒരവസരമാണെന്നും അതിനാലാണു മാതാപിതാക്കൾ സമ്മർദം ചെലുത്തുന്നതെന്നും കുട്ടികൾ തിരിച്ചറിഞ്ഞാൽ പകുതി പ്രശ്നം തരണം ചെയ്യാം. ഒപ്പം മാതാപിതാക്കളിൽ നിന്ന് അവസരോചിതവും വിവേകപൂർവവും ശാന്തവുമായ പെരുമാറ്റവും പ്രോത്സാഹനജനകമായ വാക്കുകളും അവശ്യം.
മുൻവിധികൾ വേണ്ട, പരാജയഭീതിയും
പരീക്ഷയുടെ ആദ്യ 15 മിനിറ്റ് കൂൾ ഓഫ് ടൈമാണ്. ചോദ്യപേപ്പർ കൈയിൽ കിട്ടിയാൽ ചോദ്യങ്ങളിലൂടെ ഒന്നോടിച്ചു പോയി വളരെ ശാന്തമായി പരീക്ഷയെഴുതാൻ കുട്ടിയെ ഒരുക്കുന്ന സമയം. വാസ്തവത്തിൽ സ്റ്റഡി ലീവിനെയും കൂൾഓഫ് ടൈമായി കണക്കാക്കാം. ഒരു വർഷത്തെ പഠനത്തിനുശേഷം മനസു ശാന്തമാക്കി പഠിച്ചതൊക്കെ ഓർമയിൽ കൊണ്ടുവന്ന് പരീക്ഷയ്ക്കു തയാറെടുക്കാൻ കുട്ടികളെ മാനസികമായി സജ്ജരാക്കുന്ന സമയം.
പരീക്ഷ എഴുതിയാൽ മാത്രമേ ജയിക്കാനാവൂ. മറ്റൊരു ചോയ്സ് ഇല്ല. നേരിട്ടേ പറ്റൂ. പരീക്ഷയിൽ നിന്ന് എങ്ങനെ ഒഴിയാം എന്ന ചിന്തയ്ക്കു പ്രസക്തിയില്ല. അതിനാൽ പരീക്ഷയെ നേരിടാൻ മനസൊരുക്കണം. പക്ഷേ, ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കോം. അതിലൊന്നാണു നമ്മുടെ മുൻവിധികൾ. പരീക്ഷക്കാലത്ത് അസുഖം വന്നേക്കാം, പരീക്ഷയെഴുതുന്പോൾ എല്ലാം മറന്നുപോയേക്കാം എന്നിങ്ങനെ. മുൻകാല അനുഭവങ്ങൾ പലപ്പോഴും അങ്ങനെ ആയതിനാൽ ഈ പരീക്ഷയും അങ്ങനെയാകാൻ ഇടയുണ്ട് എന്ന മട്ടിൽ നെഗറ്റീവായ ചില മുൻവിധികൾ. അത്തരം പരാജയ ചിന്തകൾ ഒഴിവാക്കണം.
നന്നായി പഠിക്കുന്ന കുട്ടികളുടെ ടെൻഷൻ എല്ലായ്പ്പോഴും പെർഫക്ഷനു വേണ്ടിയാവും. ഫുൾ എ പ്ലസ് നിന്ന് ഒരെണ്ണം കുറഞ്ഞാൽ ഉണ്ടാകാവുന്ന അപമാനം, താൻ കാരണം സ്കൂളിന് ഫുൾ എ പ്ലസ് നേടിയ സ്കൂൾ എന്ന പദവി നഷ്ടമാകുമോ, മറ്റുള്ളവർ എന്തു വിചാരിക്കും എന്നിങ്ങനെയുളള ടെൻഷൻ. എന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി എന്നെക്കൊണ്ടു പറ്റുന്നതുപോലെ ഞാൻ ശ്രമിക്കും എന്ന ചിന്തയാണു കുട്ടിക്കു വേണ്ടത്.
ഇതുവരെ പഠിച്ചില്ലേ, വഴിയുണ്ട്!
ഇനിയുള്ള ദിവസങ്ങളിൽ പഠനത്തിനു വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ചില മുൻഗണനാക്രമം സ്വീകരിക്കണം. മോഡൽ പരീക്ഷയിൽ കുറവു മാർക്കു കിട്ടിയ വിഷയത്തിനു കൂടുതൽ സമയം ചെലവഴിക്കണം. മോഡലിനു നന്നായി പഠിച്ചെങ്കിലും വേണ്ടതുപോലെ എഴുതാൻ കഴിയാതെപോയ ചില വിഷയങ്ങളുണ്ടാവാം. അതിനും കൂടുതൽ ശ്രദ്ധകൊടുക്കാം. ഏതെങ്കിലും പരീക്ഷയ്ക്കുവേണ്ടി പാഠഭാഗങ്ങൾ മുഴുവൻ റിവൈസ് ചെയ്തവരാവും ചിലർ. അവർക്ക് ആദ്യം മുതൽ ഒരുവട്ടംകൂടി ആവർത്തിക്കാൻ സമയമുണ്ട്. ചില വിഷയങ്ങളും ചില ചാപ്റ്ററുകളും ഒഴിവാക്കി പഠിച്ചവരുമുണ്ടാകാം.
വിട്ടുപോയ ഭാഗങ്ങൾ കൂടുതൽ മാർക്കിനു സാധ്യതയുള്ളതാണെങ്കിൽ അതിനു പ്രാധാന്യം കൊടുത്ത് ഇനി പഠിക്കണം. ഇതുവരെ ഒന്നും പഠിച്ചിട്ടില്ല എന്നു പറയുന്ന ഒരു കൂട്ടരും ഉണ്ടാവും. അവർ ഇനി മൊത്തം പഠിക്കാനുള്ള സാധ്യത കുറവാണ്. ഓരോ പാഠത്തിലും പ്രാധാന്യമുള്ളതെന്നു മുന്പ് അധ്യാപകർ സൂചിപ്പിച്ച ഭാഗങ്ങൾ അധ്യാപകരോടാ സുഹൃത്തുക്കളോടോ ചോദിച്ചു മനസിലാക്കി അതുമാത്രം വളരെ കൃത്യമായി ആവർത്തിച്ചു പഠിക്കണം.
ചോദ്യപേപ്പറുകൾ ചെയ്തുനോക്കാം
മേൽ സൂചിപ്പിച്ച മൂന്നുകൂട്ടർക്കും പ്രയോജനപ്പെടുന്നവയാണു മുൻകാല ചോദ്യപേപ്പറുകൾ. അവ പുസ്തകരൂപത്തിൽ ലഭ്യമാണ്. പരീക്ഷയടുക്കുന്പോൾ ദീപിക ഉൾപ്പെടെയുള്ള മിക്ക പത്രങ്ങളിലും മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും പാഠവിശകലനങ്ങളും വരുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ അത്തരം കുറിപ്പുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. പാഠസംഗ്രഹം ഓർത്തിരുന്നാൽ പല ചോദ്യങ്ങൾക്കും ഉത്തരമെഴുതാം. ദിവസവും ഒരു വിഷയത്തിന്റെയെങ്കിലും ചോദ്യപേപ്പർ ചെയ്തുനോക്കുന്നതു പ്രയോജനകരം.
ദിവസവും രണ്ടര മൂന്നു മണിക്കൂർ ചോദ്യപേപ്പർ റിവിഷനുവേണ്ടി മാറ്റിവയ്ക്കണം. സ്റ്റഡീ ലീവ് ദിനങ്ങളിൽ ചോദ്യപേപ്പറുകളെ പലതവണ നേരിട്ടു പരിചയിച്ച കുട്ടിക്കാണ് പരീക്ഷാഹാളിൽ ടെൻഷനില്ലാതെ ഉത്തരമെഴുതാനാവുക. ടെൻഷൻ കുറയ്ക്കാനും അതു സഹായകം. നിശ്ചിത സമയത്തിനകം എല്ലാ ചോദ്യങ്ങൾക്കും കൃത്യമായും വ്യക്തമായും ഉത്തരമെഴുതാനുമുള്ള പരിശീലനവും സ്വയംവിലയിരുത്തലും അതിലൂടെ സാധ്യമാകും.
കണക്കും സയൻസും അതിരാവിലെ
ഏറ്റവും പ്രയാസമുള്ള വിഷയം മനസ് ഏറ്റവും ഫ്രഷ് ആയിരിക്കുന്പോൾ പഠിക്കണം. കണക്ക്, സയൻസ് തുടങ്ങിയ വിഷയങ്ങൾ അതിരാവിലെ ഉണർന്ന ഉടൻ പഠിക്കണം. പക്ഷേ, ഉറക്കം തൂങ്ങിയുള്ള പഠനം നിഷ്ഫലം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവ എഴുതിത്തന്നെ പഠിക്കണം. കണക്ക് ഒരിക്കലും വായിച്ചു പഠിക്കരുത്. പഠിച്ചു ക്ഷീണിച്ചിരിക്കുന്പോൾ ഭാഷയും വായിച്ചാൽ എളുപ്പം മനസിലാകുന്ന മറ്റു വിഷയങ്ങളും പഠിക്കാം. പഠിക്കാനിരിക്കുന്പോൾ മുന്പിൽ പേപ്പറും പേനയും ഉണ്ടായിരിക്കണം.
ചിത്രങ്ങൾ വരച്ചുതന്നെ പഠിക്കണം. സമവാക്യങ്ങളും പ്രധാന ആശയങ്ങളും ഉൾപ്പെടുത്തി കുറിപ്പു തയാറാക്കാം. ഒരു വിഷയം ഒറ്റയിരുപ്പിലിരുന്നു രണ്ടര മൂന്നു മണിക്കൂർ പഠിക്കുക അസാധ്യം. ഒന്നര മണിക്കൂർ കഴിയുന്പോൾ 10- 15 മിനിട്ടോ ഉച്ചയ്ക്കാണെങ്കിൽ ഒരു മണിക്കൂറോ ഇടവേളയെടുക്കാം. പത്രം വായിക്കുകയോ അല്പനേരം കളിക്കുകയോ ഒക്കെ ആവാം. അല്പനേരം ഇഷ്ടമുള്ള ടിവി പ്രോഗ്രാം കാണുന്നതിലും തെറ്റില്ല. പക്ഷേ, അതിൽ നിന്നു വിട്ടുപോകാൻ പ്രയാസമുള്ളവരാണെങ്കിൽ അതിനു മുതിരേണ്ട.
കംപ്യൂട്ടർ, ടിവി, ഫോണ്… നിയന്ത്രണം വേണം
മൊബൈൽ, ടിവി, കംപ്യൂട്ടർ എന്നിവയെല്ലാം സ്വസ്ഥമായ പഠനത്തിനു വലിയ ശല്യങ്ങളാണ്. എന്നാൽ, മോഡൽ ചോദ്യപേപ്പറുകൾ വിശകലനസഹിതം ഇൻറർനെറ്റിൽ ലഭ്യമാകുന്നതിനാൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കംപ്യൂട്ടറും നെറ്റും ഉപയോഗപ്പെടുത്തുന്നതു ഗുണപരമാണ്. എസ്സിഇആർടിയുടെയും മറ്റും വെബ്സൈറ്റുകളിൽ ഇപ്പോൾ ധാരാളം ചോദ്യപേപ്പറുകളുണ്ട്. വിക്ടേഴ്സ് ചാനലിൽ വിദഗ്ധ അധ്യാപകരുടെ ക്ലാസുകൾ ശ്രദ്ധിക്കുന്നതും ഗുണകരം.
വാട്സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ നോട്സ് കൈമാറുന്നവർക്ക് ഇടയ്ക്കു 10 മിനിട്ടു നേരം ഇവ ഉപയോഗിക്കാൻ ഫോണ് നല്കുന്നതിലും തെറ്റില്ല. എന്നാൽ അതിന്റെ പേരിൽ ഫോണ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം. അത്തരം സാങ്കേതിക കാര്യങ്ങളിൽ അറിവുള്ള രക്ഷിതാക്കൾ മാത്രം അതിനു തുനിഞ്ഞാൽ മതി. മാത്രമല്ല, പരസ്യമായ ഇടങ്ങളിൽ ഇരുന്നാവണം ഫോണും കംപ്യൂറും ഉപയോഗിക്കേണ്ടത്. മുറി അടച്ചിട്ടിരുന്നുള്ള പഠനവും ഫോണ്, കംപ്യൂർ ഉപയോഗവും നിരുത്സാഹപ്പെടുത്തണം; പ്രത്യേകിച്ചും പരീക്ഷക്കാലത്ത്.
ദിവസം 10- 12 മണിക്കൂർ പഠനം
ചൂടുകാലമാണല്ലോ ഇത്. വായൂസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളിലിരുന്നു പഠിക്കണം. പഠനത്തിനു സ്വന്തമായി ഒരു മുറി വേണമെന്ന കാഴ്ചപ്പാടൊന്നും വേണ്ട. പരിമിതമായ സൗകര്യങ്ങളോടുപോലും മാനസികമായി പൊരുത്തപ്പെടാൻ തയാറായാൽ പഠനം എളുപ്പമാകും. എന്നാൽ തിരക്കേറിയ റോഡിനു സമീപമുള്ള ജനലിനോടു ചേർന്നിരുന്നു പഠനം വേണ്ട. ശ്രദ്ധ പതറുന്ന ഇടങ്ങൾ വേണ്ടെന്നു ചുരുക്കം. കട്ടിലിൽ ഇരുന്നുള്ള പഠനം നിരുത്സാഹപ്പെടുത്താം.
കട്ടിലിൽ ഇരുന്നുള്ള പഠനം അലസതയ്ക്കും ക്രമേണ കിടക്കാനുമുള്ള സാഹചര്യമൊരുക്കും. നടുവ് ഏറ്റവും നിവർന്നിരിക്കാൻ അനുയോജ്യമായതു കസേരയിലിരുന്നുള്ള പഠനമാണ്. വീട്ടിലുള്ളവർ ടിവി കാണുകയാണെങ്കിൽ അതിന്റെ ശബ്ദത്തിൽ നിന്ന് അകന്നിരിക്കണം. ഓരോ കുട്ടിയുടെയും ശാരീരിക സ്വഭാവവും ശീലങ്ങളും തികച്ചും വ്യത്യസ്തമായിരിക്കും. ചിലർക്ക് അതിരാവിലെ രണ്ടു മണിക്ക് എണീറ്റു പഠിക്കാനാവും. ചിലർ രാത്രി 12 വരെ ഇരുന്നു പഠിക്കും. പക്ഷേ, അവർക്കു രാവിലെ എണീറ്റു പഠിക്കാനാവില്ല. എപ്പോൾ പഠിക്കണം എന്നതു വ്യക്തിപരമാണ്. ഏകാഗ്രതയോടെ പഠിക്കാനാകുന്ന സമയം കണ്ടെത്തുക. ഇനിയുള്ള ദിവസങ്ങളിലെങ്കിലും ദിവസം മിനിമം 10 – 12 മണിക്കൂറെങ്കിലും പഠിക്കണം. കണക്കിനും സയൻസിനും കൂടുതൽ സമയം മാറ്റിവയ്ക്കണം.
നാലഞ്ചുദിവസം ഒരു വിഷയംതന്നെ അടുപ്പിച്ചിരുന്നു പഠിക്കുന്നതിനേക്കാൾ നല്ലത് എല്ലാ ദിവസവും മൂന്നു വിഷയം വീതം പഠിക്കുന്നതാണ്. തൊടുത്ത ദിവസം വേറേ മൂന്നു വിഷയം എന്ന മട്ടിൽ. ഇങ്ങനെ എല്ലാ വിഷയങ്ങളും പരീക്ഷയുടെ നാലുദിവസം മുന്പ് ഒരുതവണ പഠിച്ചു തീർത്താൽ പരീക്ഷാഹാളിലേക്ക് ആവിശ്വാസത്തോടെ നീങ്ങാം.
സൂത്രവാക്യം ഓർക്കാനും ഒരു സൂത്രം!
സോഷ്യൽ സയൻസ്, ഹിസ്റ്ററി, സിവിക്സ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്പോൾ അർഥപൂർണമായ വായന അവശ്യം. വർഷം, വ്യക്തികൾ, സംഭവങ്ങൾ, സ്ഥലങ്ങൾ, കാലക്രമം എന്നിവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു പഠിക്കണം. ഓരോ അധ്യായത്തിലെയും സബ് ഹെഡിംഗ്, ചിത്രങ്ങൾ, ചാർട്ടുകൾ എന്നിവ ഓടിച്ചുനോക്കണം. പിന്നീടു വേണം ആദ്യം മുതൽ വായന തുടങ്ങാൻ. എന്താണു നടന്നത്, എവിടെയാണ്, ആരൊക്കെയാണു കഥാപാത്രങ്ങൾ, കാരണങ്ങൾ എന്താണ്, കാര്യമെന്താണ്… ഈ രീതിയിലാവണം ചരിത്രവും സാമൂഹികശാസ്ത്രവും പഠിക്കേണ്ടത്.
തെറ്റിപ്പോകാനിടയുള്ള പേരുകൾ, വർഷങ്ങൾ, കണക്കിലെയും സയൻസിലെയും സമവാക്യങ്ങൾ എന്നിവയൊക്കെ നിറമുള്ള മഷികൊണ്ടു പേപ്പറിലെഴുതി എപ്പോഴും കാണാനിടയുള്ള സ്ഥലത്ത് ഒട്ടിച്ചാൽ അതുവഴി കടന്നുപോകുന്പോൾ ഇടയ്ക്കിടെ കാണും, മനസിൽ പതിയും.
കൂട്ടുകൂടിയുള്ള യാത്രകൾ വേണ്ട
ഇതുവരെ ട്യൂഷനു പോയിരുന്നവർക്കു സ്റ്റഡീലീവിനും അതു തുടരാം. റിവിഷൻ ടെസ്റ്റ് പേപ്പറുകൾ എഴുതി പരീശീലിക്കാൻ അതു സഹായകം. പക്ഷേ, എപ്പോഴാണു ട്യൂഷൻ, എത്രനേരം എന്നിങ്ങനെയുളള കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ട്യൂഷൻ കഴിഞ്ഞു കളിച്ചുനടക്കാതെ വീട്ടിലെത്തുന്നുവെന്നും ബാക്കി സമയം വീട്ടിലിരുന്നു പഠിക്കുന്നുവെന്നും ഉറപ്പാക്കണം. കൂട്ടുകൂടിയുള്ള യാത്രകളും ടൂവീലറുകളിൽ സംഘം ചേർന്നുളള യാത്രകളും പൂർണമായും ഒഴിവാക്കണം.
സ്റ്റഡീലീവ് സമയത്തു പനി വന്നാൽ സ്വയംചികിത്സനടത്തി പരീക്ഷണത്തിനു മുതിരരുത്. ഡോക്ടറുടെ ഉപദേശം തേടി മരുന്നുകഴിക്കുകയാണ് ഉചിതം.
ചൂടുകാലം കൂടിയായതിനാൽ വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾ ധാരാളം വെളളംകുടിക്കണം. വെള്ളം തലച്ചോറിനു സ്റ്റിമുലൻറുപോലെ പ്രവർത്തിക്കും. ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കാൻ കൊടുത്തുകൊണ്ടിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നു പല രക്ഷിതാക്കളും കരുതാറുണ്ട്. അമിതമായി ഭക്ഷണം കഴിച്ചാൽ വേഗം ഉറക്കംവരുമെന്നതിനാൽ അതു പഠനത്തിനു സഹായകമല്ല. പച്ചക്കറികൾ, പഴവർഗങ്ങൾ, ധാരാളം വെള്ളം എന്നിവ ഭക്ഷണക്രമത്തിൽ പ്രധാനം. അതു ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്കും. അതുപോലെതന്നെ പട്ടിണികിടന്നു പഠിക്കുന്നതും നന്നല്ല.
ആത്മവിശ്വാസം വർധിപ്പിക്കുന്നതിനു ദേവാലയദർശനം സഹായകമെങ്കിൽ ആവാം. പക്ഷേ, നാം പരിശ്രമിക്കാതെ, പഠിക്കാനുള്ളതു പഠിക്കാതെ, അതുമാത്രം ചെയ്യുന്നതിൽ കാര്യമില്ല.
സമയം പാഴാക്കരുത്
ചിലർ ഒറ്റയ്ക്കു പഠിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മറ്റുചിലർക്കു കംബൈൻഡ് സ്റ്റഡിയും. അവനവനു ഗുണപരമായ രീതി തുടരാം. പക്ഷേ, സമയം പാഴാക്കിക്കളയരുതെന്നുമാത്രം. കംബൻഡ് സ്റ്റഡി ശീലമുളള കുട്ടികൾ ആരുടെ വീട്ടിലാണു പോകുന്നത്, അവിടെ എത്രസമയം പഠനത്തിനു ചെലവഴിക്കുന്നു എന്നിങ്ങനെയുളള കാര്യങ്ങൾ അവരുടെ രക്ഷിതാക്കൾ അന്വേഷിച്ചറിയണം.
പരീക്ഷയുടെ തലേദിവസം പുതുതായി എന്തെങ്കിലും പഠിച്ചുകളയാം എന്നത് അബദ്ധധാരണയാണ്. അതുവരെ പഠിച്ചകാര്യങ്ങൾ ആവർത്തിച്ച് ഉറപ്പാക്കുക മാത്രമാണ് തലേദിവസം ചെയ്യേണ്ടത്. അധികനേരം ഉറക്കമിളയ്ക്കരുത്. മനസ് ശാന്തമാക്കി നേരത്തേ കിടക്കുക. ഹോൾടിക്കററ്, ബോക്സ്, പേന എന്നിവ രാവിലെ ബാഗിൽ എടുത്തുവയ്ക്കണം. പരീക്ഷയെഴുതാൻ ഉദ്ദേശിക്കുന്ന പേന കൊണ്ട് രാവിലെ ഒന്നുരണ്ടു പാരഗ്രാഫ് എഴുതിനോക്കണം. പലരും ദേവാലയങ്ങളിൽ നിന്നു പൂജിച്ചു വാങ്ങിയ പേന പരീക്ഷാഹാളിലെത്തുന്പോഴാവും ആദ്യമായി തുറക്കുന്നത്. എന്നാൽ, പേനയും കൈയും തമ്മിൽ മുൻപരിചയം ഉണ്ടാക്കിയെടുക്കുന്നത് എഴുത്ത് സുഗമമാക്കും.
പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ..
പരീക്ഷയ്ക്കു ഹാളിൽ പ്രവേശിക്കും മുന്പ് ടെൻഷനടിപ്പിക്കുന്ന വർത്തമാനങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാം മറന്നുപോയെന്നും മനസ് ശൂന്യമാണെന്നുമൊക്കെ ചിലർക്കു തോന്നാം. അതൊക്കെ സ്വാഭാവികം. ചോദ്യപേപ്പർ കിട്ടിയാൽ കൂൾ ഓഫ് ടൈമിൽ ശാന്തമായി ചോദ്യങ്ങളിലൂടെ കടന്നുപോവുക. ഏറ്റവും ആദ്യമെഴുതുന്ന ഉത്തരം കഴിവതും വെട്ടും തിരുത്തുമില്ലാതെ എഴുതാൻ ശ്രദ്ധിക്കണം.
ആദ്യ ഉത്തരങ്ങളിലെ നമ്മുടെ പെർഫോമൻസ് പേപ്പർനോക്കുന്ന അധ്യാപകന് നമ്മളെക്കുറിച്ച് മുൻവിധിയുണ്ടാക്കാൻ കാരണമായിത്തീരാം. കൃത്യമായി ഉത്തരമെഴുതാൻ കഴിയുമെന്നു ബോധ്യമുള്ളവ ആദ്യമാദ്യം എഴുതണം. എഴുതിയതിന്റെ മേൽ എഴുതാതിരിക്കുക. തെറ്റിയാൽ ഒരു വെട്ട് എന്നതിനപ്പുറം കുത്തിവരയ്ക്കുന്ന രീതികൾ ഒഴിവാക്കുക. കഴിവതും ഒരു നിറമുള്ള മഷി തന്നെ ആദ്യാവസാനം ഉപയോഗിക്കുക. സ്കൂൾപരീക്ഷകൾക്കു പ്രധാന പോയിൻറുകൾ സ്കെച്ച് കൊണ്ട് അടിവരയിടാൻ ശ്രമിക്കേണ്ടതില്ല. വരയ്ക്കാനുള്ള ചോദ്യങ്ങൾക്കു ഫ്രീഹാൻഡ് ആയി വരയ്ക്കാതെ ഇൻസ്ട്രുമെൻറ് ബോക്സിലെ വിവിധ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിച്ചു വരയ്ക്കണം.
പരീക്ഷാഹാളിൽ കോപ്പിയടി, മറ്റുള്ളവരെ ശല്യപ്പെടുത്തി ചോദിച്ചെഴുതൽ പോലെയുള്ള ക്രമക്കേടുകൾ കാണിക്കരുത്. അത്തരം ഉദ്യമങ്ങൾ ഇരട്ടി മാനസികസർദത്തിനിടയാക്കും. എഴുതിത്തീർന്നാൽ ഒന്നുകൂടി ആവർത്തിച്ചു നോക്കി ഒരു ചോദ്യവും വിട്ടുപോയിട്ടില്ലെന്നും രജിസ്റ്റർ നന്പറും ചോദ്യനന്പറും എടുത്തെഴുതിയതു കൃത്യമാണെന്നും ഉറപ്പുവരുത്തുക. പരീക്ഷ കഴിഞ്ഞാലുടൻ അന്നത്തെ ചോദ്യപേപ്പർ എടുത്തുവച്ചു വിശകലനങ്ങൾക്കോ ചർച്ചകൾക്കോ പോകരുത്. എത്ര മാർക്കു കിട്ടുമെന്നു കണക്കൂകൂട്ടുന്നതിലോ സങ്കടപ്പെടുന്നതിലോ അർഥമില്ല. തൊടുത്ത ദിവസത്തെ പരീക്ഷയ്ക്കു വേണ്ടി കൃത്യമായി തയാറെടുക്കുക.
നിരാശ വേണ്ട, പ്രതീക്ഷ വേണം
എത്ര നന്നായി പഠിച്ചുവെങ്കിൽപോലും ഒരു പരീക്ഷയ്ക്കു പ്രതീക്ഷിച്ച പോലെ എഴുതാനായില്ല എന്നു വന്നേക്കാം. അതിനെ ഓർത്തു വിഷമിക്കേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ വലിയ പരീക്ഷകളിൽ ഒന്നുമാത്രമാണ് ഇതെന്നു കരുതുക. കിട്ടുന്നതു സ്വീകരിക്കുക. മാർക്കു കുറഞ്ഞതിന്റെ പേരിൽ നിരാശപ്പെടുകയോ കടുംകൈകൾ ചിന്തിക്കുകയോ അരുത്. മാർക്കു കുറഞ്ഞുപോയാൽ അടുത്ത അവസരത്തിൽ മെച്ചപ്പെടുത്താം.
പഠനത്തിന്റെ അടുത്ത ഘത്തിൽ താത്പര്യമുള്ള കോഴ്സും വിഷയവും തെരഞ്ഞെടുത്തു പഠിച്ച് അതിൽ മികച്ച വിജയം നേടാം. ഉയർന്ന മാർക്കുനേടിയവരിൽ പലരും പിന്നീട് ഉന്നത തലങ്ങളിൽ എത്തിയിട്ടുണ്ട്. അതേപോലെ മോശം മാർക്കു നേടിയവരും പിന്നീടുളള കഠിനാദ്ധ്വാനത്തിലൂടെ ജീവിതവിജയം നേടിയിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ ഗതിവിഗതികളെയൊക്കെ നിയന്ത്രിക്കുന്നത് ഓരോരോ കാലഘത്തിലും ഓരോന്നാണെങ്കിലും ഏറ്റവും നന്നായി പെർഫോം ചെയ്യാൻ പരിശ്രമിക്കുക. കൃത്യമായി തയാറെടുത്ത് ആവിശ്വാസത്തോടെ നമുക്കു പരീക്ഷയെ നേരിടാം.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
ശാരീരിക ശിക്ഷകൾ ഒന്നിനും പരിഹാരമല്ല
കുട്ടികളുമായി വഴക്കിടുക, ശാരീരികമായി ഉപദ്രവിക്കുക, തർക്കിക്കുക… തുടങ്ങിയ തെറ്റായ രീതികൾ സ്റ്റഡിലീവ് ദിനങ്ങളിലെങ്കിലും പൂർണമായും ഒഴിവാക്കണം. അവരുടെ മനസിനു ശാന്തതയുണ്ടാകണമെങ്കിൽ മാതാപിതാക്കൾ ഏറ്റവും ശാന്തമായി അവരോട് ഇടപെടണം.
പരീക്ഷയുടെ ഗൗരവത്തെക്കുറിച്ചും ജീവിതത്തിൽ ലക്ഷ്യബോധമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൗഹൃദപരമായി അവരോടു സംസാരിക്കാം. ശാരീരിക ശിക്ഷകൾ ഒന്നിനും ഒരു പരിഹാരമല്ലെന്നു മാതാപിതാക്കൾ തിരിച്ചറിയണം.
കുട്ടികളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി സംസാരിക്കരുത്. അവനെ കണ്ടോ, അവൻ രാത്രി 12 മണിവരെ പഠിക്കും, മറ്റവനെ കണ്ടോ അവൻ വെളുപ്പിന് മൂന്നു മണിക്ക് എണീറ്റു പഠിക്കും’ എന്നിങ്ങനെയുള്ള പരാമർശങ്ങൾ വേണ്ട. ഓരോ വ്യക്തിക്കും അവരുടേതായ കഴിവുകളും പഠനശീലങ്ങളും ബുദ്ധിപരമായ വ്യത്യാസങ്ങളുമൊക്കെയുണ്ട്. ഓരോ വ്യക്തിക്കും പ്രത്യേകമായുള്ള കഴിവ് എന്താണെന്നു കണ്ടെത്തി അത് ഉപയോഗപ്പെടുത്താനാണു രക്ഷിതാക്കൾ പ്രോത്സാഹിപ്പിക്കേണ്ടത്.
സീരിയൽ തത്കാലം വേണ്ട
വൈകിട്ട് ആറു മുതൽ രാത്രി 10.30 വരെ പതിവായി സീരിയൽ കാണുന്ന അമ്മമാർ പരീക്ഷ തീരുംവരെ അത്തരം ശീലങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയാറാകണം. കുട്ടികൾ പഠിക്കുന്പോൾ കുറച്ചു സമയം ടിവി ഓഫ് ചെയ്തു വയ്ക്കാം.
രാത്രി വൈകിയും പഠിക്കാനിരിക്കുന്ന കുട്ടികൾ വാസ്തവത്തിൽ ആ സമയം പഠിക്കുകയാണോ എന്നു മാതാപിതാക്കൾ നിരീക്ഷിക്കണം. അവരോടൊപ്പം ഉറക്കമിളയ്ക്കാനും രാവിലെ ഇത്തിരി നേരത്തേ ഉണരാനും മാതാപിതാക്കൾ തയാറാകണം. അല്ലെങ്കിൽ, ഈ സമയം അവർ ദുരുപയോഗപ്പെടുത്തുകയാണോ എന്നു നാമറിയാതെ പോകാനിടയുണ്ട്. ഉണർന്ന സാന്നിധ്യമായി മാതാപിതാക്കൾ അവർക്കൊപ്പമുണ്ടാകണം. പക്ഷേ, അത് അവർക്ക് ഒരു ഭാരമോ ശല്യമോ ആയി അനുഭവപ്പെടാൻ പാടില്ല. നമ്മുടെ സാന്നിധ്യം അവരുടെ
ഏകാഗ്രപഠനത്തിനു തടസമാകരുത്.
പോസിറ്റീവായി സംസാരിക്കാം
ഇതുവരെ പഠനം എത്രത്തോളമായി എന്ന മട്ടിൽ കുട്ടികളോടു പഠനപുരോഗതി ചോദിച്ചറിയുന്നതിൽ തെറ്റില്ല. നകുറച്ചു കാര്യങ്ങളൊക്കെ പഠിച്ചിട്ടുണ്ടല്ലോ. അതൊക്കെ പരീക്ഷാഹാളിൽ ഓർത്തെടുത്ത് എഴുതാനാകും’എന്ന മട്ടിൽ മാതാപിതാക്കൾക്കു കുട്ടികളോടു പോസിറ്റീവായി സംസാരിക്കാം. ഒരു വിഷയം അറിയില്ല എന്ന കുട്ടി പറഞ്ഞാൽ ആ വിഷയം പഠിപ്പിക്കുന്ന ടീച്ചറിന്റെയോ അതിൽ അറിവുള്ളവരുടെയോ സഹായം തേടാൻ പ്രേരിപ്പിക്കാം.
വീടുകളിൽ അനുകൂലമായ പഠനസാഹചര്യം ഒട്ടുമില്ലാത്ത കുട്ടികളെ പരീക്ഷ കഴിയുംവരെ സ്കൂളിലോ മറ്റു സുരക്ഷിത ഇടങ്ങളിലോ അധ്യാപകരുടെ മേൽനോട്ടത്തിൽ താമസിപ്പിച്ചു പഠനസൗകര്യം ഒരുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അതിനു ക്ലാസ് ടീച്ചറിന്റെ സഹായം തേടാം.
കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല
മിക്ക കുട്ടികൾക്കും പരീക്ഷാഭീതിയുണ്ട്. വാസ്തവത്തിൽ കുട്ടികൾ ചോദ്യങ്ങളെയല്ല ഭയപ്പെടുന്നത്. റിസൾട്ട് വന്നു കഴിയുന്പോൾ അധ്യാപകരിൽ നിന്നും മാതാപിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും മറ്റും ഉണ്ടാകുന്ന പ്രതികരണങ്ങളെയാണു കുികൾ ഭയക്കുന്നത്. മാർക്ക് വരുന്പോൾ വീട്ടിലുണ്ടാകുവുന്ന പ്രശ്നങ്ങൾ ഓർത്താണു മാനസികസമ്മർദം. അനാവശ്യ പ്രോത്സാഹന പ്രശംസാ സാധ്യതകളും സമ്മർദം കൂട്ടുന്നു.
വാസ്തവത്തിൽ പഠിക്കുക എന്നതു കുട്ടിയുടെ കടമയാണ്. പ്രോത്സാഹനമാവാം. പക്ഷേ, ജീവിതത്തിൽ ഏറ്റവും വലിയ വിജയം നേടിയെന്ന് ഫുൾ എ പ്ലസ്കൊണ്ട് അർഥമില്ലല്ലോ. കുട്ടികളുടെ പരീക്ഷാവിജയങ്ങളെ രക്ഷിതാക്കൾ അമിതവലുപ്പത്തിൽ കാണേണ്ടതില്ല. മറിച്ച് സദ് ചിന്തകളാലും സദ് കർമങ്ങളാലും ജീവിതപരീക്ഷ വിജയിക്കാൻ കുട്ടികൾക്കു മാതൃകയാകൂ മാതാപിതാക്കളേ, നിങ്ങൾ.
ഡോ. റോസമ്മ ഫിലിപ്പ്, അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം; കരിക്കുലം എക്സ്പർട്ട്
തയാറാക്കിയത്: ടി.ജി.ബൈജുനാഥ് –