ചെറുതോണി: മഹാത്മഗാന്ധി യൂണിവഴ്സിറ്റി ബികോം മൂന്നാംവർഷ വിദ്യാർഥികളുടെ കണക്കുപരീക്ഷയും ’കണക്കായി’. അക്കൗണ്ടിംഗ് ഫോർ മാനേജീരിയൽ ഡിസിഷൻ എന്ന വിഷയത്തിലെ പരീക്ഷയെക്കുറിച്ചാണ് ആക്ഷേപം. 31-നു നടത്താനിരുന്ന പരീക്ഷ വാഹന പണിമുടക്ക് മൂലമാണ് ഇന്നലെ നടത്തിയത്.
80 മാർക്കിന്റേതായിരുന്നു പരീക്ഷ. ഇതിൽ 34, 35 ചോദ്യനന്പറുകളിലുള്ള കണക്കുകളാണു വിദ്യാർഥികളുടെ ഉത്തരം മുട്ടിച്ചത്. ഒരു ചോദ്യത്തിന് ഷെയർ ക്യാപ്പിറ്റൽ 2.40 ലക്ഷം എന്നതിനുപകരം 24 ലക്ഷം എന്നാണ് അച്ചടിച്ചിരുന്നത്. ചോദ്യം മനസിലാകാതെ വിദ്യാർഥികൾ വലഞ്ഞു. എന്നാലിത് അച്ചടിപിശകാണെന്നു വേണമെങ്കിൽ കരുതാം.
അടുത്ത ചോദ്യത്തിന് ഏതുരീതിയിൽ നോക്കിയാലും ഉത്തരം ടാലിയാകുന്നില്ല. 35-ാമത്തെ ചോദ്യത്തിൽ വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും കുടുങ്ങി. ബാലൻസ് ഷീറ്റ് തയാറാക്കാനുള്ള ചോദ്യത്തിൽ തെറ്റുകളുടെ പട്ടികതന്നെയായിരുന്നു. 15 മാർക്കിന്റെ രണ്ടു ചോദ്യങ്ങൾക്കാണു വിദ്യാർഥികൾക്ക് ഉത്തരമില്ലാതെ പോയത്. ഇതിനെതിരെ പരാതി നൽകാനാണ് വിദ്യാർഥികളുടെ നീക്കം.
കൂടാതെ, എംകോം പരീക്ഷ നടത്തിപ്പിലെ കെടുകാര്യസ്ഥതയും വിവാദമായിരിക്കുകയാണ്. 2016 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പോലും ഫലം 14 മാസത്തോളമായിട്ടും പ്രഖ്യാപിച്ചിട്ടില്ല. മേയിൽ പിജി നാലാം സെമസ്റ്റർ പരീക്ഷ നടക്കാനിരിക്കുകയാണ്.
കഴിഞ്ഞ മൂന്നു സെമസ്റ്ററുകളുടെയും ഫലം പ്രഖ്യാപിക്കാത്തതിനാൽ പരീക്ഷയിൽ തോൽക്കുകയോ മാർക്ക് കുറയുകയോ ചെയ്തിട്ടുള്ളവർക്കു ലഭിക്കേണ്ടിയിരുന്ന അവസരങ്ങൾ നഷ്ടമാകുന്ന സ്ഥിതിയിലാണ്.