വെടിയേറ്റ് ഗുരുതര പരിക്കേറ്റിട്ടും മകളെ പരീക്ഷ എഴുതിപ്പിക്കുവാൻ ഏഴു കിലോമീറ്റർ ബൈക്കോടിച്ച് സ്കൂളിൽ എത്തിച്ച് അച്ഛൻ. ബീഹാറിലെ ബെഗുസാരായ് ജില്ലയിലാണ് സംഭവം. രാഷ്ട്രീയ പാർട്ടിയായ ആർജെഡിയുടെ പ്രാദേശിക നേതാവായ റാം കൃപാലിനാണ് പ്ലസ്ടൂ വിദ്യാർഥിനിയായ മകളുമായി സ്കൂളിലേക്കുള്ള യാത്രക്കിടയിൽ നെഞ്ചിലും കൈക്കും വെടിയേറ്റത്.
രണ്ടു ബൈക്കുകളിലായി എത്തിയ ആറംഘ സംഘമാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. കയറുപയോഗിച്ച് ഇദ്ദേഹത്തെ ബന്ധിക്കുവാനാണ് ആക്രമികൾ ആദ്യം ശ്രമിച്ചത്. എന്നാൽ റാം കൃപാൽ പ്രതിരോധിച്ചതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു.
മകൾ ഉറക്ക നിലവിളിച്ചപ്പോൾ ആക്രമികൾ സ്ഥലം വിട്ടു. രക്തത്തിൽ കുളിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകുവാനുള്ള മാർഗം മകൾ തേടിയപ്പോൾ. കുട്ടിയെ സ്കൂളിൽ എത്തിച്ചതിനു ശേഷം മാത്രമേ ആശുപത്രിയിൽ പോകു എന്ന നിലപാട് റാം സ്വീകരിച്ചു. കാരണം ഈ പ്രശ്നം കാരണം മകൾ പരീക്ഷ എഴുതാതെയിരുന്നാൽ കുട്ടിയുടെ ഒരു വർഷം വെറുതെ പോകുമെന്ന് റാമിന് ബോധ്യമുണ്ടായിരുന്നു.
തുടർന്ന് മകളെ ബൈക്കിലിരുത്തി ഏഴ് കിലോമീറ്റർ അകലെയുള്ള സ്കൂളിൽ ഇദ്ദേഹം എത്തിച്ചു. അതിനു ശേഷമാണ് ആശുപത്രിയിലേക്ക് അദ്ദേഹം പോയത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.