സിജോ പൈനാടത്ത്
കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പരീക്ഷാപ്പേടിയകറ്റാന്‍ ഇക്കുറി സ്കൂളുകളില്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുറക്കുന്നു. പരീക്ഷാര്‍ഥികള്‍ക്ക് 24 മണിക്കൂറും ഫോണിലൂടെ കൗണ്‍സലിംഗ് സേവനം ലഭ്യമാക്കുന്ന ടോള്‍ഫ്രീ നമ്പറിലേക്കു വിളിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണു സ്കൂളുകളില്‍ പ്രത്യേകം കൗണ്‍സിലര്‍മാരുടെ സേവനം വ്യാപിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വകുപ്പ് ആവിഷ്കരിച്ച സൗഹൃദ ക്ലബ് കോ ഓര്‍ഡിനേറ്റര്‍മാരുടെ സഹകരണത്തോടെയാണു കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഇവര്‍ക്ക് ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.
കരിയര്‍ ഗൈഡന്‍സ് രംഗത്തെ വിദഗ്ധരുടെയും കൗണ്‍സലിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും സേവനം കേന്ദ്രങ്ങളില്‍ ഉറപ്പാക്കും. പരീക്ഷാപ്പേടിയകറ്റാനുള്ള വി ഹെല്പ് സംവിധാനത്തിന്റെ ഭാഗമായാണു കൗണ്‍സലിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. പരീക്ഷയാരംഭിക്കുന്നതിന് ഒരാഴ്ച മുമ്പു മുതല്‍ ടോള്‍ഫ്രീ നമ്പര്‍ സൗകര്യവും വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കും.
പരീക്ഷയുടെ സമ്മര്‍ദം കൗമാരക്കാരിലുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണു വി ഹെല്പ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നു ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റ കോ ഓര്‍ഡിനേറ്റര്‍ ഡോ. സി.എ. ബിജോയ് പറഞ്ഞു.
പ്രത്യാശയോടെ പരീക്ഷകളെ സമീപിക്കാനും ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനും വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഏതു പ്രതിസന്ധിയിലും തങ്ങളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ആരെങ്കിലുമൊക്കെയുണ്ടെന്ന ബോധ്യം വിദ്യാര്‍ഥികള്‍ക്കു നല്കാന് ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷയുമായി ബന്ധപ്പെട്ട ആകുലതകളുമായി ടോള്‍ ഫ്രീ നമ്പറിലേക്ക് കഴിഞ്ഞ വര്‍ഷം രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണു വിളിച്ചത്.
താരതമ്യേന ബുദ്ധിമുട്ടുള്ള പരീക്ഷയുടെ ദിവസങ്ങളിലാണു കൂടുതല്‍ ഫോണ്‍കോളുകള്‍ ഉണ്ടായിട്ടുള്ളതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും കൗണ്‍സലിംഗ് സേവനം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.