കോഴിക്കോട് / മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പോലീസ്. അധ്യാപകരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തേക്കോ മറ്റോ ഇവര്‍ രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അറസ്റ്റ് ഉണ്ടാവുമെന്നും റൂറല്‍ എസ്പി യു.അബ്ദുള്‍ കരീം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകന് എഴുതിയ ഉത്തരകടലാസ് പോലീസ് കസ്റ്റഡിയിലെടുക്കും. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം തിരുവനന്തപുരത്താണ് ഉത്തരകടലാസുള്ളത്.
മൂല്യനിര്‍ണയത്തിനായാണ് പരീക്ഷാഭവനിലേക്ക് ഇവ മാറ്റിയത്. കേസില്‍ സുപ്രധാനമായ തെളിവാണ് ഉത്തരകടലാസ്. ഉത്തരകടലാസും മറ്റും കസ്റ്റഡിയിലെടുക്കുന്നതിനു പിന്നാലെ കേസിലെ പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ നിഷാദ് വി. മുഹമ്മദ്, സ്കൂള്‍ പ്രിന്സിപ്പാല് റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസല്‍ എന്നിവരാണിപ്പോള്‍ ഒളിവിലുള്ളത്. അതേസമയം പ്രതികളായ അധ്യാപകര്‍ അറസ്റ്റിന് മുന്‍പ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ഒരുക്കത്തിലാണന്നാണ് സൂചന. ഇതിനു മുമ്പ് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
കസ്റ്റഡിയിലെടുക്കുന്ന ഉത്തരകടലാസുകള്‍ പോലീസ് വരും ദിവസങ്ങളില്‍ തന്നെ ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കും. പരീക്ഷ എഴുതിയത് വിദ്യാര്‍ഥികളുടെ കൈപ്പടയിലല്ലെന്നും അധ്യാപകരുടേതാണെന്നും കണ്ടെത്തുന്നതിനും വേണ്ടിയാണ് ഉത്തരകടലാസ് ഫോറന്‍സിക് പരിശോധനക്കായി അയയ്ക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അന്വേഷണ ചുമതലയുള്ള മുക്കം ഇന്‍സ്പെക്ടര്‍ കെ.വി.ബാബു ഇന്നലെ നീലേശ്വരം സ്കുളിലെത്തി ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉദ്യോഗസ്ഥര്‍, രീക്ഷഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം അധ്യാപകന് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ നടന്ന വകുപ്പുതല അന്വേഷണം വഴിതെളിച്ചത് അധ്യാപകന്റെ കൂടുതല്‍ ക്രമക്കേടുകളിലേക്കാണ് . പ്ലസ് വണ്‍ പരീക്ഷയിലും അധ്യാപകന് ആള്‍മാറാട്ടം നടത്തി ഉത്തരമെഴുതിയതായി ഇതിനകം തെളിഞ്ഞു.
സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ വിളിച്ചു വരുത്തി ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡയരക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം മൊഴിയെടുക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായി കണ്ടെത്തിയ അധ്യാപകന് പഠിപ്പിച്ച കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്റെ ഉത്തരക്കടലാസ് കാണിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഞെട്ടിപ്പോയി.
‘ അത് ഞങ്ങളുടെ ഉത്തരക്കടലാസല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. ഇതോടെ ആള്‍മാറാട്ടം പ്ലസ് വണ്‍ പരീക്ഷയിലും നടന്നതായി തെളിഞ്ഞു. രണ്ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയെഴുതിയതിനു പുറമെ ഒരു കുട്ടിയുടെ മറ്റൊരു ഇത്തരക്കടലാസും 32 കുട്ടികളുടെ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉത്തരക്കടലാസ് തിരുത്തിയെന്നുമായിരുന്നു നേരത്തേ വെളിപ്പെടുത്തിയത്.
എന്നാല്‍ കേവലം തിരുത്തലല്ല, ആള്‍മാറാട്ടം നടത്തി ഉത്തരം പൂര്‍ണമായി എഴുതുകയാണുണ്ടായതെന്നാണ് രണ്ടു കുട്ടികളുടെ മൊഴിയില്‍ നിന്നു വ്യക്തമായത്. 32 പേരും ഈ വിഷയത്തില്‍ വീണ്ടും പരീക്ഷയെഴുതാനാണ് ഡയരക്ടറേറ്റിന്റെ നിര്‍ദേശം. എന്നാല്‍ വീണ്ടും പരീക്ഷയെഴുതുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തല്പരരല്ല. അതോടൊപ്പം തങ്ങള്‍ എഴുതിയ ഉത്തരക്കടലാസ് എവിടെ എന്ന ചോദ്യവും വിദ്യഭ്യാസ വകുപ്പിനു തലവേദനയാകും.