മുക്കം: നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ ഉത്തരക്കടലാസുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. മുക്കം എസ്ഐ അനിൽകുമാറി ന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റിലെത്തി അധ്യാപകൻ എഴുതിയ ഉത്തരക്കടലാസുകൾ കസ്റ്റഡിയിൽ എടുത്തത്.
പ്ലസ് ടു,പ്ലസ് വണ്‍ വിഭാഗത്തിലെ രണ്ടു വീതം വിദ്യാർഥികളുടെ പരീക്ഷ പേപ്പറുകൾ പൂർണ്ണമായും മാറ്റി എഴുതുകയും പ്ലസ് ടുവിലെ ഒരു വിദ്യാർഥിയുടേയും പ്ലസ് വണ്‍ വിഭാഗത്തിലെ 32 വിദ്യാർഥിളുടേയും ഉത്തരക്കടലാസുകൾ തിരുത്തുകയുമാണ് ചെയ്തിരുന്നത്. കേസിലെ രണ്ടാം പ്രതി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂൾ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകൻ നിഷാദ് വി മുഹമ്മദാണ് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. കേസിലെ ഒന്നാം പ്രതി നിലേശ്വരം സ്കൂൾ പ്രിൻസിപ്പൽ കെ.റസിയ, മൂന്നാം പ്രതി പി.കെ.ഫൈസൽ ഉൾപ്പെടെ മൂന്നുപേരും ഒളിവിലാണ്.
രണ്ട് ദിവസം മുൻപാണ് മുക്കം എസ് ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയത്. വിശദമായ പരിശോധനക്ക് ശേഷം ഉത്തരക്കടലാസുകൾ കസ്റ്റഡിയിലെടുത്ത് ഇന്നലെ ഉച്ചയോടെ തിരിച്ചെത്തുകയായിരുന്നു. ഇനി ഇത് ഫോറൻസിക് പരിശോധനക്കായി അയക്കും. എഴുതിയത് അധ്യാപകൻ തന്നെയാണന്ന് ഉറപ്പാക്കുന്നതിനായാണിത്. പരിശോധന ഫലം ഒരാഴ്ചക്കകം ലഭിക്കുമെന്നാണ് സൂചന.
അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലന്ന് മുക്കം എസ്ഐ. അനിൽകുമാർ പറഞ്ഞു. അതേ സമയം പ്രതികളായ അധ്യാപകരെ ഇനിയും അറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല. സംഭവത്തിൽ കേസെടുത്ത് ഒരു മാസത്തോളമായിട്ടും അധ്യാപകരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.