മുക്കം: മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ കേസില്‍ പ്രതികളായ അധ്യാപകര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത. ഇപ്പോള്‍ ഒളിവിലുള്ള പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്കൗട്ട്നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മൂന്നു അധ്യാപകരുടേയും പാസ്പോര്‍ട്ട് വിവരങ്ങളുള്‍പ്പെടെ പോലീസ് ശേഖരിച്ചു വരികയാണ്.
പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദ്, നീലേശ്വരം സ്കൂള്‍ പ്രിന്‍സിപ്പല്‍ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട്നോട്ടീസ് തയാറാകുന്നത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച നിഷാദ് വി മുഹമ്മദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും. അഡ്വ.അശോകന് മുഖേനയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ അധ്യാപകന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയില്ലന്നാണ് സൂചന. രേഖതിരുത്തല്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളായ മറ്റ് അധ്യാപകര്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
പരീക്ഷ ഭവനില്‍ നിന്ന് അധ്യാപകന് എഴുതിയ ഉത്തരക്കടലാസുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പോലീസ് നടത്തുന്നുണ്ട്. അധ്യാപകരെ അറസ്റ്റ് ചെയ്തെങ്കില്‍ മാത്രമേ കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ എവിടെയെന്നത് സംബന്ധിച്ച് വ്യക്തത വരൂ. ഇത് കണ്ടെടുക്കാനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്.
അതേ സമയം പരീക്ഷ ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസല്‍ നിരപരാധിയാണന്ന വാദവുമായി ചേന്ദമംഗല്ലൂര്‍ സ്കൂള്‍ പിടിഎ രംഗത്തെത്തി. ഡെപ്യൂട്ടി ചീഫ് എന്ന നിലയില്‍ പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ കവറിലാക്കി സീല്‍ ചെയ്ത് നല്കിയാല് ഇദ്ധേഹത്തിന്റെ ചുമതല കഴിഞ്ഞുവെന്നും ുടര്‍ന്ന് വരുന്ന ക്രമക്കേടിന് ഇയാള്‍ ഉത്തരവാദിയല്ലന്നും പിടിഎ കമ്മറ്റി വ്യക്തമാക്കി.