മുക്കം: നിലേശ്വരം ഹയർ സെക്കന്‍ഡറി സ്കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെയും മുൻകൂർ ജാമ്യപേക്ഷ തള്ളി. കേസിലെ രണ്ടും മൂന്നും പ്രതികളായ നീലേശ്വരം സ്കൂൾ അധ്യാപകൻ നിഷാദ് വി മുഹമ്മദിന്റെയും ചേന്ദമംഗല്ലൂർ ഹയർ സെക്കന്‍ഡറി സ്കൂൾ അധ്യാപകൻ പി.കെ.ഫൈസലിന്റെയും മുൻകൂർ ജാമ്യപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
ഒന്നാം പ്രതിയായ നീലേശ്വരം സ്കൂൾ പ്രിൻസിപ്പൽ കെ.റസിയയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിട്ടുണ്ട്. അതേസമയം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അധ്യാപകർ ഇന്ന് കീഴടങ്ങാൻ സാധ്യതയുണ്ടന്നാണ് സൂചന.
കേസെടുത്ത് മൂന്നാഴ്ചയോളമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അധ്യാപകരുടെ അറസ്റ്റ് വൈകിപ്പിക്കാൻ ശ്രമം നടക്കുന്നതായി ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവശേഷം ഒളിവിൽ കഴിയുന്ന പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയിട്ടില്ലന്നാണ് സൂചന .
വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയെ തുടർന്ന് അധ്യാപകർക്കെതിരെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അധ്യാപകരെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ കുട്ടികൾ എഴുതിയ ഉത്തരക്കടലാസുകൾ എവിടെയെന്നത് സംബന്ധിച്ച് വ്യക്തത വരൂ. ഇത് കണ്ടെടുക്കാനുള്ള ശ്രമവും പോലിസ് ആരംഭിച്ചിട്ടുണ്ട്.