മുക്കം: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഒന്നാം പ്രതിയായ നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക റസിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
രണ്ടും മൂന്നും പ്രതികളായ നിഷാദ് വി മുഹമ്മദ്, പി കെ.ഫൈസല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയിലേക്ക് പോവാനൊരുങ്ങുന്നത്. സംഭവം നടന്ന് മൂന്ന് ആഴ്ചയോളമായിട്ടും അധ്യാപകരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുക്കം നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചങ്കിലും ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടിനിട്ട് തള്ളുകയായിരുന്നു. സ്കൂളിന് മോശമാവുമെന്ന് പറഞ്ഞാണ് പ്രമേയം തള്ളിയതെങ്കിലും ഭരണ കക്ഷിയില്‍പെട്ട ചിലര്‍ അധ്യാപകര്‍ക്ക് ഒത്താശ ചെയ്യുകയാണന്നാണ് വിവരം. അത് തന്നെയാണ് അറസ്റ്റ് വൈകുന്നതിലേക്കും കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തന്നെ അധ്യാപകര്‍ രഹസ്യമായി താമസിക്കുന്നുണ്ടന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടങ്കിലും അറസ്റ്റ് മാത്രം വൈകുകയാണ്. മുക്കം സിഐ കെ.വി.ബാബുവിന്റെ നേതൃത്യത്തിലുള്ള അഞ്ചംഅംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയെ തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അധ്യാപകരെ അറസ്റ്റ് ചെയ്തെങ്കില്‍ മാത്രമേ കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ എവിടെയെന്നത് സംബന്ധിച്ച് വ്യക്തത വരൂ.