മുക്കം: നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർ ആൾമാറാട്ടം നടത്തി വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിലെ ഒന്നാം പ്രതിക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചതോടെ കേസിൽ ജാമ്യം ലഭിച്ചവരുടെ എണ്ണം രണ്ടായി.
നിലേശ്വരം സ്കൂളിലെ പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയയ്ക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. ഇവർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. മുക്കം എസ്ഐ ഷാജിദിന് മുന്നിലാണ് ഹാജരായത്. ഈ കേസിൽ ഇനി ജാമ്യം ലഭിക്കാനുള്ളത് രണ്ടാം പ്രതിയും വിദ്യാർഥികളുടെ പരീക്ഷ എഴുതുകയും ചെയ്ത നിഷാദ് വി. മുഹമ്മദിന് മാത്രമാണ്.
അതേ സമയം അന്വേഷണ സംഘത്തിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്ന ആക്ഷേപമുണ്ട്. സംഭവം നടന്ന് 90 ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യാനോ കുറ്റപത്രം സമർപ്പിക്കാനോ പോലീസിന് സാധിച്ചിരുന്നില്ല. ഇത് ഭരണപക്ഷ അധ്യാപക സംഘടനയുടേയും ഭരണപക്ഷത്തെ പ്രമുഖ പാർട്ടിയുടേയും ഇടപെടൽ മൂലമാണന്നും ആക്ഷേപം ഉയർന്നിരുന്നു. തുടക്കത്തിൽ വലിയ രീതിയിൽ ഭരണപക്ഷത്തിനും സ്കൂൾ അധ്യാപകർക്കുമെതിരെ രംഗത്ത് വന്നിരുന്ന പ്രതിപക്ഷവും ഇപ്പോൾ മൗനത്തിലാണ്.
പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും എപ്പോൾ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണമെന്ന ഉപാധിയോടെയാണ് ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നത്. അതിനിടെ സംഭവത്തിലെ രണ്ടാം പ്രതി നിഷാദ് വി. മുഹമ്മദ് ഇപ്പോഴും ഒളിവിലാണന്നാണ് പോലീസ് പറയുന്നത്. ഇയാളെയും ഇത് വരെ പിടികൂടാൻ പോലീസിനായിട്ടില്ല. പോലീസ് ഒളിവിലാണന്ന് പറയുന്ന രണ്ടാം പ്രതി പക്ഷെ നാട്ടിൽ സസുഖം വാഴുന്നത് നാട്ടുകാർ കാണുന്നുമുണ്ട് .
മൂന്നാം പ്രതിയായ പി.കെ ഫൈസൽ ജൂൺ 21 ന് മുക്കം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. നിലേശ്വരം സ്കൂളിലെ പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും ഡെപ്യൂട്ടി ചീഫുമായിരുന്ന പി.കെ ഫൈസൽ എന്നിവരുടെ ഒത്താശയോടെ സ്കൂളിലെ അധ്യാപകനും പരീക്ഷ അഡീഷനൽ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി. മുഹമ്മദ് രണ്ട് വിദ്യാർഥികളുടെ പരീക്ഷ എഴുതുകയും 32 വിദ്യാർഥികളുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
ഇതിനെത്തുടർന്ന് മേയ് 10 ന് മൂന്ന് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. മെയ് 13 ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ മുക്കം പോലീസ് അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ക്രിമിനല്‍ കേസെടുത്തു. ഇതിനെത്തുടർന്നാണ് അധ്യാപകർ ഒളിവിൽ പോയത്. പ്രതികൾ ആദ്യം കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു.