മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ അധ്യാപകൻ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു.
സംഭവത്തിൽ കേസെടുത്ത് ഒന്‍പത് മാസം പിന്നിട്ടിട്ടും കുറ്റപത്രം പോലും സമർപ്പിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. നേരത്തെ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു.
ആറ് മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞതോടെ രണ്ടും മൂന്നും പ്രതികൾ ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്തു. ഒന്നാം പ്രതിയും ജോലിയിൽ തിരികെ കയറാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
നീലേശ്വരം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ കെ. റസിയ, ചേന്ദമംഗല്ലൂർ ഹയർ സെക്കന്‍ഡറി സ്കൂൾ അധ്യാപകൻ പി.കെ.ഫൈസൽ, നീലേശ്വരം ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ.
പ്രതികൾക്ക് വിവിധ തലങ്ങളിൽ നിന്ന് സഹായം ലഭിച്ചതായി ആരോപണമുണ്ട്. അത് തന്നെയാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങാനും കാരണം. സംസ്ഥാനത്തെ ഏറെ പ്രമാദമായ കേസായിരുന്നിട്ട് കൂടി ആദ്യഘട്ടത്തിൽ ഉണ്ടായ ജാഗ്രത കേസിൽ പിന്നീട് ഉണ്ടായിട്ടില്ല.
മുക്കം സി.ഐ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നങ്കിലും അതും വെറുതെയായ മട്ടാണ്. കോഴിക്കോട് റൂറൽ എസ്പിയുടേയും താമരശേരി ഡിവൈഎസ്പിയുടേയും മേൽനോട്ടത്തിലായിരിരുന്നു അന്വേഷണം.
മുക്കം പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അന്വേഷണത്തിന് പ്രധാന തടസ്സമെന്നാണ് പോലീസ് പറയുന്നത്. നാല് മാസത്തോളം രേഖകൾ കോടതിയിലായതും അന്വേഷണത്തിന് തടസമായി.
സംഭവത്തിൽ കുട്ടികൾ എഴുതിയ യഥാർഥ പേപ്പർ അടക്കം ഇതു വരെ കണ്ടത്താൻ സാധിച്ചിട്ടില്ലന്നാണ് വിവരം. ഇതുൾപ്പെടെയുള്ള കൂടുതൽ ശാസ്ത്രീയമായ തെളിവുകളും കണ്ടെത്തേണ്ടതുണ്ട്.
ആദ്യഘട്ടത്തിൽ കുറ്റം സമ്മതിച്ചിരുന്ന പ്രതികൾ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയിട്ടില്ല എന്നാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. രേഖ തിരുത്തൽ, ആൾമാറാട്ടം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിതിരിക്കുന്നത്.
സർക്കാർ ജീവനക്കാരിൽ നിന്നും ഇത്രയും ഗുരുതരമായ തെറ്റുകൾ കണ്ടെത്തിയിട്ടും അന്വേഷണത്തിലെ കാലതാമസത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.