മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഗവ.ഹയർ സെക്കന്‍ഡറി സ്ക്കൂളിലെ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിർദേശത്തിൽ വിദ്യാർഥികൾ ആശങ്കയിൽ.
ഒരു വർഷം എല്ലാ തയ്യാറെടുപ്പുകളും നടത്തി എഴുതിയ പരീക്ഷയാണ് ഒരു മാസത്തിനുള്ളിൽ വീണ്ടും എഴുതണമെന്ന് അധികൃതർ പറഞ്ഞത്. ഇനി പരീക്ഷ എഴുതാൻ കഴിയില്ലന്ന് വിദ്യാർഥികൾ പറഞ്ഞെങ്കിലും തങ്ങൾ നിസ്സഹായരാണെ ന്നാണ് ഇന്നലെ വിദ്യാർഥികളുടെ മൊഴിയെടുത്ത ഹയർ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാന്ദൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ, എക്കൗണ്ടിംഗ് ഓഫീസർ സീന, ഹയർ സെക്കൻഡറി വിഭാഗം സുപ്രണ്ട് അപർണ്ണ എന്നിവർ അറിയിച്ചത്.
സേ പരീക്ഷക്ക് അപേക്ഷ നൽകേണ്ട അവസാന ദിവസം ഇന്നാണെന്നിരിക്കേ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും ഫലം തടഞ്ഞുവെച്ച പ്ലസ്ടു വിഭാഗത്തിലെ മൂന്നും, ക്രമക്കേട് കണ്ടെത്തിയ പ്ലസ് വണ്‍ വിഭാഗത്തിലെ രണ്ടും കുട്ടികളിൽ നിന്നാണ് ഇന്നലെ മൊഴിയെടുത്തത്.
ഇതിൽ അധ്യാപകൻ പൂർണമായും പരീക്ഷ എഴുതിയ പ്ലസ്ടു സയൻസ് വിഭാഗത്തിലേയും കൊമേഴ്സ് വിഭാഗത്തിലേയും ഓരോ കുട്ടികളാണ് വീണ്ടും പരീക്ഷ എഴുതേണണ്ടത്. ഇവർക്ക് ജൂൺ 10ന് സേ പരീക്ഷയോടൊപ്പം പരീക്ഷ എഴുതാൻ അവസരമൊരുക്കും. ഇവർക്കായി പ്രത്യേക സംവിധാനവും ഒരുക്കും.
അധ്യാപകൻ ഉത്തരങ്ങളിൽ തിരുത്തൽ വരുത്തിയ ഒരു വിദ്യാർത്ഥിയുടെ ഈ ഉത്തരങ്ങളുടെ മാർക്ക് മാറ്റി ബാക്കി ഫലം ഇന്ന് പ്രഖ്യാപിക്കും. ഈ ഉത്തരങ്ങളുടെ മാർക്ക് മാറ്റി വെച്ചാലും ഈ കുട്ടിക്ക് വിജയിക്കാനുള്ള മാർക്ക് ലഭിക്കും. പരീക്ഷ എഴുതി 10 ദിവസത്തിനകം മറ്റ് വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.