പാറ്റ്ന: വിദ്യാർഥിനിയെ പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ സഹായിച്ച കാമുകൻ പിടിയിൽ. ബിഹാറിലെ അർവാൽ ജില്ലയിലെ സ്കൂളിലാണു സംഭവം.
പരീക്ഷാകേന്ദ്രങ്ങളിൽ പരിശോധന നടത്തുന്ന സംഘത്തിലെ കാമറമാനാണെന്ന വ്യാജേന കയറിക്കൂടിയ നരേഷ് എന്ന യുവാവാണ് പിടിയിലായത്.
അർവാലിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ പരിശോധനയ്ക്കെത്തിയ ഫ്ളൈയിംഗ് സ്ക്വാഡാണു നരേഷിനെ പിടികൂടിയത്. നരേഷ് നേരത്തെയും പെണ്‍കുട്ടിയെ കോപ്പിയടിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണു വിവരം.
അർവാലിലെ ഉമൈറാബാദ് ഹൈസ്കൂൾ, കിജാർ ഹൈസ്കൂൾ, എസ്എസ്എസ്ജിഎസ് അർവാൾ സ്കൂൾ എന്നീ സ്കൂളുകളിൽനിന്നായി കോപ്പിയടിച്ച ഏഴു വിദ്യാർഥികളെ പിടികൂടിയതായി ഫ്ളൈയിംഗ് സ്ക്വാഡ് അറിയിച്ചു. ഇതിൽ നാലുപേർ പെണ്‍കുട്ടികളാണ്.
വൻ സുരക്ഷാസന്നാഹത്തോടുകൂടിയാണു ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. മുൻവർഷങ്ങളിലെ പരീക്ഷ കോപ്പിയടി ലോകവ്യാപകമായി വാർത്തയായതോടെയാണ് ബിഹാറിൽ കർശന പരിശോധന ഏർപ്പെടുത്തിയത്.
ഇലക്ട്രോണിക് ഉപകരണങ്ങളടക്കം ഉപയോഗിച്ചു പരിശോധന നടത്തിയതിനുശേഷമാണു വിദ്യാർഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിച്ചത്.
പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതിനു മുന്‍പു വിദ്യാർഥികളെ ദേഹപരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റർ പരിധിയിൽ വിദ്യാർഥികളല്ലാതെ ആർക്കും പ്രവേശിക്കാൻ അനുവാദമില്ല. ഇതിനിടെയാണ് കാമുകൻ സഹായിക്കാൻ ശ്രമിച്ചത്.
2015-ൽ ബിഹാറിലെ സ്കൂളുകളിൽനിന്നു പുറത്തുവന്ന വീഡിയോകളിലൂടെയാണു വ്യാപക കോപ്പിയടിയുടെ വാർത്ത പുറംലോകമറിഞ്ഞത്.
2016-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുനേടി സംസ്ഥാനത്തെ ടോപ്പർ ആയിരുന്ന വിദ്യാർഥിനിയുടെ പരീക്ഷാപേപ്പറിൽ ഉത്തരങ്ങൾക്കു പകരം സിനിമകളുടെ പേരായിരുന്നു ഉണ്ടായിരുന്നത് എന്നതും പിന്നീട് വെളിപ്പെട്ടു.