തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയെന്ന് സമ്മതിച്ച് അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ്. പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാർഥികളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ സാമ്പത്തിക ലാഭമുണ്ടായില്ല. സസ്പെൻഷനെതിരെ അപ്പീൽ നൽകുമെന്നും നിഷാദ് പറഞ്ഞു.
മൂന്ന് കുട്ടികളുടെ പരീക്ഷ എഴുതിയെന്നും 33 പേരുടെ ഉത്തരക്കടലാസ് തിരുത്തിയെന്നുമാണ് നിഷാദിനെതിരായ ആരോപണം. അന്വേഷണ വിധേയമായി നിഷാദിനെയും കോഴിക്കോട് മുക്കം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ. ഫൈസൽ എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു.
ആൾമാറാട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടത്തുമെന്നും ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. കുട്ടികൾക്ക് പങ്കില്ലെങ്കിൽ രണ്ടാമത് അവസരം നൽകാനും തീരുമാനമായി.