മുക്കം: മാർച്ചിൽ നടക്കേണ്ട പരീക്ഷ ജൂലൈ മാസത്തിലേക്ക് മാറ്റിവച്ചത് മൂലം കേരളത്തിലെ ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ) അവസാന വർഷ വിദ്യാർഥികളുടെ ഭാവി അവതാളത്തിൽ.
പരീക്ഷ മാറ്റിവെച്ചതുമൂലം പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ അധ്യാപകരായി ജോലിയിൽ പ്രവേശിക്കാനോ ഉപരിപഠനത്തിന് അപേക്ഷിക്കാനോ ഇവർക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം ഒരു വർഷമാണ് ഇവർക്ക് നഷ്ടപ്പെടുക.
കോവിഡ് മൂലം ശരിയായ രീതിയിൽ അധ്യാപക പരിശീലനങ്ങളും ക്ലാസുകളും ലഭിക്കാതിരുന്ന ഇവർ അവസാന സെമസ്റ്റർ പരീക്ഷ കൂടി മാറ്റി വെച്ചതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
പരീക്ഷ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ജൂലൈ ഏഴ് വരെ നീട്ടിയ സാഹചര്യത്തിൽ അവസാന സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷ രജിസ്ട്രേഷനും നീട്ടി വച്ചിരിക്കുകയാണ്.
ചില അധ്യാപകർ നേരിട്ട് ഇടപെട്ടാണ് തീയതി നീട്ടിയതെന്നാണ് സൂചന. ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ് ആരംഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും കാൻഡിഡേറ്റ് രജിസ്ട്രേഷൻ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.
ഒന്ന്, നാല് സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും കാൻഡിഡേറ്റ് രജിസ്ട്രേഷൻ പൂർത്തീകരിച്ചില്ല എന്നു പറഞ്ഞാണ് പരീക്ഷ മാറ്റി വച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്ന രീതിയിൽ പരീക്ഷ മാറ്റി വയ്ക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്.
ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് സമയബന്ധിതമായി പരീക്ഷ നടത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
യാതൊരു സാങ്കേതിക തടസങ്ങളും നിലവിലില്ലാത്ത നാലാം സെമസ്റ്റർ പരീക്ഷയെ ഒന്നാം സെമസ്റ്ററിന്റെ കൂടെ ബന്ധിപ്പിച്ച് അനാവശ്യ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാത്ത തരത്തിൽ എത്രയും പെട്ടെന്ന് പരീക്ഷ നടത്തണമെന്നും ഡി.എൽ.എഡ് വിദ്യാർഥി സംഘടനയായ എ.കെ.ടി.ടിഎ ആവശ്യപ്പെട്ടു.
പന്ത്രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഡിഎൽഎഡ് കോഴ്സിനോട് വിദ്യാഭ്യാസ വകുപ്പിന് താൽപര്യമില്ലെന്നും ഇതിന്റെ സംവിധാനങ്ങൾ കുത്തഴിഞ്ഞ നിലയിലാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.