വടക്കാഞ്ചേരി : ജീവിത യാത്രയിൽ അറുപത്തിയാറുകാരന് സ്വപ്ന സാഫല്യം. തെക്കുംകര പഞ്ചായത്തിലെ കുണ്ടുകാട് വട്ടപ്പാറ സ്വദേശി മൂലേടത്ത് വീട്ടിൽ എം.വി. പത്രോസാണ് വാർധക്യത്തിന്റെ അവശതകൾ മറികടന്ന് ഏഴാം ക്ലാസ് കടന്പ മറികടക്കാൻ ഇന്നലെ പരീക്ഷാ ഹാളിലെത്തിയത്. ചെറുപ്രായത്തിൽ തനിയ്ക്ക് നഷ്ടപ്പെട്ട അക്ഷരപുണ്യം തിരിച്ച് പിടിയ്ക്കുക എന്നത് വാർധക്യത്തിലും പത്രോസിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു.
ഇതിനിടയിലണ് സംസ്ഥാനസാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പഠനത്തെ കുറിച്ച് അറിയുന്നത്. പിന്നീടൊന്നും ആലോചിച്ചില്ല. ഏഴാം ക്ലാസ് വിദ്യാർത്ഥിയാകാൻ മനസിനെ പാകപ്പെടുത്തുകയായിരുന്നു . പരീക്ഷാഹാളിൽ വലിയ ആവേശത്തിലായിരുന്നു പത്രോസ്
. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഹാളിലെ 51 പരീക്ഷാർത്ഥികളിൽ ഒരാളായപ്പോൾ തന്റെ സ്വപ്നം പൂവണിഞ്ഞതിന്റെ ചാരിതാർത്ഥ്യം അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. പരീക്ഷയുടെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലർ പി.കെ. സദാശിവൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെന്പർ സിജിജോണ് അധ്യക്ഷത വഹിച്ചു. പ്രേരക്മാരായ.ടി.എൽ. സജിത, ഇ.ടി. സൂസമ്മ, ലിസി .എന്നിവർപ്രസംഗിച്ചു.