സ്വന്തം ലേഖകന്‍
മുക്കം (കോഴിക്കോട്) : വിദ്യാര്‍ഥികള്‍ ക്ലാസ് റൂമില്‍ ഇരുന്ന് പരീക്ഷ എഴുതുന്നു..മാഷ് ആകട്ടെവിജയശതമാനം വര്‍ധിപ്പിക്കാന്‍ ഓഫീസ് റൂമിലിരുന്ന് അതേകുട്ടിക്ക് വേണ്ടി അസലായി പരീക്ഷ എഴുതുന്നു. സിനിമകളില്‍പോലും കണ്ടിട്ടില്ലാത്ത സംഭവങ്ങള്‍ നേരിട്ടറഞ്ഞതിന്റെ ഞെട്ടലിലാണ് മലയോരം. മുക്കം നഗരസഭാ പരിധിയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി. മുഹമ്മദ് ആണ് സ്കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷ ഓഫീസിലിരുന്ന് എഴുതിയതായി കണ്ടെത്തിയത്.
ഇന്നലെയാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് .ഇദ്ദേഹത്തെയും ആള്‍മാറാട്ടത്തിന് ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനുമായ പി.കെ. ഫൈസല്‍ , പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്കൂളിലെ പ്രിന്‍സിപ്പലുമായ കെ.റസിയ എന്നിവരെയും സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് നീക്കിയിട്ടുണ്ട്. .ഇവര്‍ക്കെതിരേ ആള്‍മാറാട്ടത്തിനുള്‍പ്പെടെ പൊലീസില്‍ ഇന്ന്പരാതി നല്‍കുമെന്നാണ് സൂചന .
രണ്ട് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷകളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. അധ്യാപകന് ചീഫ് സൂപ്രണ്ടിന്റെ ഉള്‍പ്പെടെ സഹായത്തോടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സ്കൂള്‍ ഓഫീസിലിരുന്ന് പരീക്ഷ നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇതേ സമയം രണ്ടു കുട്ടികളും പരീക്ഷാ ഹാളിലുണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
പരീക്ഷയ്ക്ക് ശേഷം കുട്ടികള്‍ എഴുതിയ പേപ്പര്‍ മാറ്റി അധ്യാപകന് എഴുതിയ പേപ്പറാണ് മൂല്യനിര്‍ണയത്തിനായി അയച്ചത്. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് . പ്ലസ് വണ്‍ ഉത്തരക്കടലാസുകളും പരിശോധിച്ചു.
പ്ലസ് വണ്‍ പരീക്ഷയില്‍ ഇതേ സ്കൂളിലെ 32 ഉത്തരക്കടലാസുകളില്‍ തിരുത്തലുകള്‍ വരുത്തിയതായും കണ്ടെത്തി. മൂന്ന് അധ്യാപകരെയും കുട്ടികളെയും അടിയന്തിരമായി ഹിയറിംഗിന് വിളിച്ചെങ്കിലും പ്രിന്‍സിപ്പലും ഡെപ്യൂട്ടി ചീഫും മാത്രമാണ് ഹാജരായിരുന്നത്.ഒന്നാം പ്രതിയായ അധ്യാപകന് ഹാജരായിരുന്നില്ല . സംഭവത്തെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളുടെയും ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.