മുക്കം: അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതി നാണക്കേടായ സംഭവത്തിനുശേഷം നീലേശ്വരം ഹയർ സെക്കന്‍ഡറി സ്കൂളിന് തിരിച്ചടിയായി അധ്യാപകരും രക്ഷിതാക്കളും തുറന്ന പോരിലേക്ക്. സ്കൂൾ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അധ്യാപകരും രക്ഷിതാക്കളും ചേരിതിരിഞ്ഞ് പോര് തുടങ്ങിയത്.
അധ്യാപകർക്കെതിരെ പിടിഎ പ്രവർത്തക സമിതിയിലെ രക്ഷിതാക്കൾ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടർക്കു പരാതി നൽകി. അധ്യാപക, രക്ഷാകർതൃ പ്രവർത്തക സമിതിയിലേക്കുള്ള അധ്യാപക പ്രതിനിധികളെ കണ്ടെത്തിയത് സർക്കാറിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി.
21 അംഗ പിടിഎ കമ്മിറ്റിയിലെ പത്ത് അധ്യാപക പ്രതിനിധികൾ ചട്ടം ലംഘിച്ചുവന്നവരാണന്നും ജനറൽ ബോഡിയിൽവച്ചു തെരഞ്ഞെടുക്കുന്നതിനു പകരം സ്റ്റാഫ് മീറ്റിംഗിൽ വച്ചാണ് ഇവരെ തെരഞ്ഞെടുത്തതന്നും ഒരു വിഭാഗം രക്ഷിതാക്കൾ പറയുന്നു. അമ്പതു ശതമാനം വനിതാ പ്രതിനിധ്യം വേണമെന്ന നിർദേശവും ലംഘിച്ചു.
അധ്യാപകരുടേത് നിയമവിരുദ്ധ നടപടിയാണന്നാരോപിച്ച് പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നു പതിനൊന്ന് രക്ഷിതാക്കളിൽ ഏഴുപേർ ഇറങ്ങിപ്പോവുകയും ഒരാൾ രാജിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന്നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധിയും നഗരസഭ കൗൺസിലറുമായ പി.പ്രശോഭ് കുമാർ പ്രസിഡന്റാവുകയും ചെയ്തു.
രക്ഷിതാക്കളും നിയമം ലംഘിച്ച് പ്രവർത്തക സമിതി അംഗങ്ങളായ അധ്യാപകരും ചേർന്നു നടത്തിയ പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും മുൻ പിടിഎ പ്രസിഡന്റ് പി.പി.അബുബക്കർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.