ഇപ്പോൾ പരീക്ഷാക്കാലമാണ്. നന്നായി പഠിച്ച് ജയിച്ചില്ലെങ്കിൽ കെട്ടിച്ച് വിടുമെന്ന് കുട്ടിക്കാലത്ത് നമ്മളെ പറഞ്ഞ് പേടിപ്പിക്കാറുണ്ടായിരുന്നു. ചില അമ്മമാരാകട്ടെ പരീക്ഷയ്ക്ക് തോറ്റിട്ടെങ്ങാനും വന്നാൽ പശുവിനെ വാങ്ങിത്തരും പിന്നെ അതിനെ മേയ്ക്കാൻ പോയാൽ മതി എന്ന ഡയലോഗും അടിക്കാറുണ്ട്. അതൊക്കെ പേടിച്ച് ഓടിപ്പോയി പഠിക്കുന്നൊരു ബാല്യകാലം ചിലർക്കെങ്കിലുമൊക്കെ ഉണ്ടാകും.
അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ പരീക്ഷാ ഇൻവിജിലേറ്ററിനോട് ജബൽപൂരിൽ നിന്നുള്ള ഒരു വിദ്യാർഥിനി നടത്തിയ ഒരു അസാധാരണമായ അഭ്യർഥനയാണ് ഇത്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റിട്ടു വീട്ടിൽ പോയാൽ എന്റെ മാതാപിതാക്കൾ വിവാഹം കഴിപ്പിച്ചു വിടും, ആയതിനാൽ എങ്ങനെയെങ്കിലും എന്നെ ജയിപ്പിച്ചു വിടണമെന്നാണ് വിദ്യാർഥി ഇൻവിജിലേറ്ററിനോട് അപേക്ഷിച്ചത്.
പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിക്കാനുള്ള സമ്മർദം വിദ്യാർഥികളിൽ വളരെ അധികമുണ്ട്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യാറുമുണ്ട്. അയൽപക്കത്തെ കുട്ടിക്ക് നല്ല മാർക്കുണ്ടെങ്കിൽ അതിൽ പോലും അസൂയ കണ്ടെത്തുന്ന മാതാപിതാക്കൾ ധാരാളമാണ്. അതുപോലെ തന്റെ കുട്ടിയും പഠിക്കണമെന്ന വാശി മാതാപിതാക്കളിൽ ഉണ്ടാവുന്നു. ഈ സമ്മർദങ്ങളെല്ലാം കുട്ടികളുടെ മനസിൽ ആഴത്തിൽ പതിക്കാറുണ്ട്. അതിനാൽ തന്നെ പലപ്പോഴും ജയിക്കാൻ വേണ്ടി വിദ്യാർഥികൾ പല വഴികളും നോക്കാറുണ്ട്. അതിനുദാഹരണമാണ് ഈ സംഭവം.