ഫരീദ്കോട്ട്: കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ കാമുകൻ പിടിയിൽ. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. പെൺവേഷം കെട്ടിയാണ് യുവാവ് പരീക്ഷ എഴുതാൻ വന്നത്.
പിടികൂടാതിരിക്കാൻ വോട്ടർ ഐഡി, ആധാർ എന്നീ രേഖകളിൽ കൃത്രിമം കാണിച്ചാണ് യുവാവ് എത്തിയത്. ഫാസില്‍ക്ക സ്വദേശിയായ അംഗ്രേസ് സിങ്ങാണ് പിടിയിലായത്. കാമുകി പരംജിത് കൗറിനു പകരമാണ് ഇയാൾ പെൺവേഷത്തിൽ പരീക്ഷയ്ക്ക് ഹാജരായത്.
ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാൻ വേണ്ടിയാണ് അംഗ്രേസ് സിങ്ങ് കാമുകി പരംജിത്തിനു പകരം എത്തിയത്. കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലായിരുന്നു പരീക്ഷ സെന്റ്ർ. പിടിക്കപ്പെടാതിരിക്കാൻ പൊട്ടും, വളയും, മാലയും, കമ്മലും, ചുരിദാറും ധരിച്ചാണ് യുവാവ് എത്തിയത്. ബയോമെട്രിക് പരിശോധനയിൽ വിരലടയാളം ഒത്തു വരാൻ സാധിക്കാതെ വന്നപ്പോഴാണ് യുവാവിന്റെ കള്ളത്തരം പൊളിഞ്ഞത്. യുവാവിനെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട്, പരംജിത് കൗറിന്റെ അപേക്ഷ തള്ളിയതായി അധികൃതർ അറിയിച്ചു.