കോഴിക്കോട്: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞ് സ്കൂളുകള്‍ അടയ്ക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സ്കൂള്‍ കാമ്പസുകളില്‍ പോലീസ് നിരീക്ഷണം. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചേര്‍ന്ന ക്രമസമാധാന, ഇന്റലിജന്‍സ് വിഭാഗം എഡിജിപിമാരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം.
താമരശേരിയില്‍ സ്വകാര്യ ട്യൂഷന് സെന്ററില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തിലാണ് പോലീസിന്റെ ശ്രദ്ധ സ്കൂളുകളിലേക്ക് തിരിയുന്നത്. എല്ലാ ജില്ലകളിലും ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയുള്ള സ്കൂളുകളുടെ പട്ടിക തയാറാക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ സംഘര്‍ഷ സാധ്യതയുള്ള സ്കൂളുകളുടെ പട്ടിക പോലീസ് തയാറാക്കിയിട്ടുണ്ട്.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞ് സ്കൂളുകള്‍ അടയ്ക്കുമ്പോള്‍ എല്ലാ സ്കൂളുകളിലും ആഘോഷം നടക്കാറുണ്ട്. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്ന വ്യത്യാസമില്ലാതെ ആഘോഷം പൊടിപാറുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. യൂണിഫോം വസ്ത്രങ്ങളിലും ശരീരത്തിലും നിറക്കൂട്ടുകള്‍ ഒഴിച്ചാണ് മിക്കയിടത്തും ആഘോഷം നടക്കാറുള്ളത്. കുട്ടികള്‍ കാറുകളും ബൈക്കുകളും അമിതവേഗത്തില്‍ ഓടിച്ച് ആഘോഷം കൊഴുപ്പിക്കുന്ന സ്കൂളുകളും ഉണ്ട്.
ഇതു പലപ്പോഴും സംഘട്ടനങ്ങളില്‍ എത്തിച്ചേരുക പതിവാണ്. കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് റോഡിലും ഏറ്റുമുട്ടല്‍ നടക്കാറുണ്ട്. പരാതി ഇല്ലാത്തതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. സ്കൂള്‍ പൂട്ടുന്ന ദിവസങ്ങള്‍ ആയതിനാല്‍ സ്കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപടാറുമില്ല.
എന്നാല്‍, സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സ്കൂള്‍ കാമ്പസുകളില്‍ ജാഗ്രത പുലര്‍ത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും സംഘര്‍ഷ സാധ്യതയുള്ള സ്കൂളുകളുടെ പട്ടിക തയാറാക്കി നിരീക്ഷണം നടത്താനാണ് നിര്‍ദേശം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്ന സ്കൂളുകളാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്റലിജന്‍സ് വിഭാഗം ഇത്തരം സ്കൂളുകളുടെ പട്ടിക തയാറാക്കി മേധാവികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിസാര കാര്യങ്ങള്‍ക്കുപോലും കുട്ടികള്‍ പരസ്പരം അടികൂടുന്ന സ്കൂളുകളുമുണ്ട്. സംഘര്‍ഷമുണ്ടാക്കുന്ന വിധത്തിലുള്ള ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഘോഷം കൊഴുപ്പിക്കാന്‍ അപകടരകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ അതു പിടിച്ചെടുക്കാനാണ് തീരുമാനം. വാഹനം വിട്ടുനല്‍കിയ രക്ഷിതാക്കളുെട പേരില്‍ കേസുണ്ടാകും.സ്കൂള്‍ കാമ്പസുകളില്‍ സ്കൂള്‍ അടയ്ക്കുന്ന ദിവസങ്ങളില്‍ മയക്കുമരുന്ന് കച്ചവടത്തിനെതിരേ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.