പരീക്ഷയ്ക്ക് സമയത്തിന് എത്തുക എന്നത് ഏതൊരു മത്സരാർഥിയുടെയും പ്രാഥമിക ഗുണമാണ്. വൈകി വന്നാൽ എത്രവലിയ കൊന്പത്തെ ആളായാലും അകത്തേക്ക് കയറ്റി വിടാൻ സാധിക്കില്ല. നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. കഴിഞ്ഞ ദിവസം ഒരു മത്സര പരീക്ഷയ്ക്ക് താമസിച്ച് എത്തിയ വിദ്യാർഥിനി സൂത്രത്തിൽ പരീക്ഷാ ഹാളിനുള്ളിൽ പ്രവേശിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
ബീഹാറിലെ നവാഡ ബസാറിലാണ് സംഭവം. പരീക്ഷയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥിനി. എന്നാൽ ഹാളിൽ കയറേണ്ട സമയത്തിലും വൈകിയാണ് പെൺകുട്ടി അവിടേക്ക് എത്തിയത്. അപ്പോഴേക്കും ഗേറ്റ് പൂട്ടിയിരുന്നു. പൊടുന്നനെ മറ്റൊന്നും നോക്കിയില്ല. വിദ്യാർഥി അടഞ്ഞു കിടക്കുന്ന ഗേറ്റിനു അടിയിൽ കൂടി അകത്തേക്ക് നുഴഞ്ഞു കയറി. പെൺകുട്ടിയെ ഗേറ്റ് കടക്കാൻ കുറച്ച് ആളുകളും സഹായിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
എന്നാൽ അതൊന്നുമല്ല ട്വിസ്റ്റ്. പെൺകുട്ടി അകത്തേക്ക് നുഴഞ്ഞ് കയറുന്പോൾ ബാക്കി കുറച്ച് ആളുകൾ അകത്ത് പ്രവേശിക്കാൻ സാധിക്കാതെ പുറത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റുമായി രംഗത്തെത്തി. സാമർഥ്യം എന്നല്ല, ഇതിനെ അതിസാമർഥ്യം എന്നാണ് വിളിക്കുന്നത്. ഏത് മനുഷ്യനായാലും ജീവിതത്തിൽ കൃത്യനിഷ്ഠ എന്ന കാര്യം അനിവാര്യമാണ്. അല്ലാതെ വൈകി വന്ന് ഇതുപോലെ ചുളുവിൽ കാര്യം സാധിക്കാമെന്നു കരുതുന്നവർക്ക് മറുപണി എവിടെയെങ്കിലും കിട്ടും എന്ന് കുറിച്ചവരും കുറവല്ല.