കടുത്തുരുത്തി: കോവിഡ് ബാധിച്ച യുവതി ആംബുലൻസിലിരുന്ന് പിഎസ്സി പരീക്ഷയെഴുതി. ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ്2 പരീക്ഷയാണ് തലയോലപ്പറന്പ് വരിക്കാംകുന്ന് സ്വദേശിയായ 24 കാരി ആംബുലൻസിലിരുന്ന് എഴുതിയത്.
കോട്ടയം കാരാപ്പുഴ ഗവണ്മെന്റ് എച്ച്എസ്എസിലെ പരീക്ഷാ കേന്ദ്രത്തിൽ ശനിയാഴ്ചയാണ് പരീക്ഷ നടന്നത്. ഹൈദരാബാദിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി ഒരാഴ്ച മുന്പാണ് പിഎസ്സി പരീക്ഷയെഴുതാനായി നാട്ടിലെത്തിയത്.
ഏഴു ദിവസത്തെ ക്വാറന്റൈനുശേഷം നടത്തിയ കോവിഡ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ടെസ്റ്റിൽ പോസിറ്റിവാണെന്ന പരിശോധനാഫലം പരീക്ഷ നടന്ന 30 ന് രാവിലെയാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. പിന്നീട് പിഎസ്സി ഓഫീസുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയശേഷമാണ് യുവതി പരീക്ഷയെഴുതിയത്.