ആലുവ: കോടികളുടെ എംഡിഎംഎ ലഹരിമരുന്നുമായി കൊച്ചിയിൽ ആറ് പേർ അറസ്റ്റിലായ കേസിനെച്ചൊല്ലി എക്സൈസിൽ വിവാദം പുകയുന്നു.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും കഴിഞ്ഞ 19ന് നടത്തിയ റെയ്ഡിലാണ് രണ്ടു തവണയായി 11 കോടിയുടെ എംഡിഎംഎ പിടികൂടിയത്.
എന്നാൽ ഈ കേസിൽ എക്സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്റെ കൃത്യവിലോപം കീഴുദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് ബലിയാടാക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഇപ്പോൾ മന്ത്രിതലത്തിൽ വരെ ചർച്ചയായിരിക്കുന്നത്.
യുവതിയെ വിട്ടയച്ചത് ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം
രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസും എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും റെയ്ഡ് നടത്തുന്നത് മധ്യമേഖലയുടെ ചുമതലയിലുള്ള ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമായിരുന്നു.
സംഭവ ദിവസം കസ്റ്റഡിയിലെടുത്ത യുവതികളിലൊരാളെ ബന്ധുവെന്ന് പറഞ്ഞെത്തിയയാളോടൊപ്പം പറഞ്ഞയച്ചതും ഇദേഹത്തിന്റെ അറിവോടു കൂടി തന്നെയായിരുന്നു.
സംഭവ ദിവസം ഈ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് എല്ലാ നടപടികളും അന്വേഷണ സംഘം പൂർത്തിയാക്കിയത്.
എന്നാൽ കേസ് വിവാദമായതോടെ ഈ ഉദ്യോഗസ്ഥൻ റെയ്ഡിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരായി റിപ്പോർട്ട് നൽകുകയായിരുന്നു.
തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ. ശങ്കറിനെ സസ്പെൻഡു ചെയ്തു.
സ്ക്വാഡ് സിഐ ജി.വിനോജ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. പ്രമോദ്, എം.എസ്. ശിവകുമാർ, എം.എ. ഷിബു എന്നിവരെ സ്ഥലം മാറ്റുകയുമായിരുന്നു.
ഈ കേസ് വിവാദമായപ്പോൾ സ്വന്തം നില സംരക്ഷിക്കാൻ കീഴ് ഉദ്യോഗസ്ഥരെ കരുവാക്കി റിപ്പോർട്ട് നൽകുകയായിരുന്നുവെന്നാണ് ഇപ്പോഴത്തെ ആക്ഷേപം.
വകുപ്പിനുള്ളിൽതന്നെ വിവാദം
ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷണ നടപടി സ്വീകരിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഒരു പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് ഈ ഉദ്യോഗസ്ഥൻ നൽകിയ നിർദേശങ്ങൾ പാലിച്ചില്ല എന്നതാണ്.
ഈ ഉദ്യോഗസ്ഥൻ സ്വന്തം തടിയൂരാൻ സ്വീകരിച്ച കുതന്ത്രമാണ് ഇപ്പോൾ വകുപ്പിനുള്ളിൽ വിവാദമായിരിക്കുന്നത്.
കേസ് വിവാദമായതോടെ ഇദേഹം കൊച്ചിയിലെ ഓഫീസിലെത്തി തലേ ദിവസത്തെ തിയതിയിൽ തന്റെ ഭാഗം ന്യായീകരിച്ച് രേഖപ്പെടുത്തിയ ഇൻസ്പെക്ഷൻ ബുക്കിലെ നോട്ട് എക്സൈസ് ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയാണ്.
നേരത്തെയുണ്ടായ പാവറട്ടിയിലെ കസ്റ്റഡി മരണത്തിലും കീഴുദ്യോഗസ്ഥരെ ബലിയാടാക്കിയതിലുള്ള അമർഷം കെട്ടടങ്ങുന്നതിനു മുമ്പാണ് കൊച്ചിയിലെ ലഹരിക്കടത്ത് കേസിലും ഇദേഹം ആരോപണ വിധേയനാകുന്നത്.
കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമടക്കം നേരിടുന്ന ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥന് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടത്രെ.
ആര് ഭരിച്ചാലും തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ ഈ ഉദ്യോഗസ്ഥനുണ്ടാകും. ഇദേഹത്തിന് പ്രധാന ചുമതലകൾ നൽകരുതെന്ന് സിബിഐ നിർദേശിച്ചിരുന്നതാണ്.
എന്നാൽ കസ്റ്റഡി മരണം നടന്ന തൃശൂർ ജില്ലയടങ്ങുന്ന മധ്യമേഖലയിൽ തന്നെ ഇദേഹത്തെ നിയമിക്കുകയായിരുന്നുവെന്ന ആക്ഷേപമുണ്ട്.
പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടര്ന്നാണു കോടതിയില്‍ ഹാജരാക്കുക.
പുതുച്ചേരിയില്‍ തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം പ്രതികളെ ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നാണു വ്യക്തമാക്കിയിട്ടുള്ളത്.
പ്രതികള്‍ ഒരുമാസത്തോളം താമസിച്ച പുതുച്ചേരിയിലെ റിസോര്‍ട്ടിലാണു എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ ടി.എം. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോന് എന്നിവരുമായാണു തെളിവെടുത്തത്.
കൊടും ക്രിമിനലുകള്‍ താവളമാക്കുന്ന സ്ഥലമാണ് ഇവിടമെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇവിടെ ഇവരെ കാണാനെത്തിയവരുടെ വിവരങ്ങളും അന്വേഷകസംഘം ശേഖരിച്ചുവരികയാണ്. ഇവിടെവച്ച് പ്രതികള്‍ മയക്കുമരുന്നുകച്ചവടം നടത്തിയതായും സംശയിക്കുന്നു.
തുടര്‍ന്ന് ചെന്നൈ ട്രിപ്ലിക്കേനില്‍ പ്രതികള്‍ ഉപയോഗിച്ച എടിഎം കൗണ്ടറിലും താമസിച്ച ഹോട്ടലിലും തെളിവെടുത്തു. ചെന്നൈയില്‍ ഇവര്‍ക്ക് മയക്കുമരുന്ന് നല്കുന്ന ഏജന്റിനെക്കുറിച്ചും സൂചന ലഭിച്ചതായാണു വിവരം.
അതേസമയം, കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിടുകയും ചെയ്ത കാസര്‍കോട് സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
നിലവിൽ റിമാൻഡിലുള്ള കേസിലെ മറ്റൊരു പ്രതി ത്വയ്ബ ഒലാദിനെ (24) എക്സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തേക്കും.