പയ്യന്നൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി മുഴക്കിയ പ്രതിയെ തിരിച്ചറിഞ്ഞു.
മുംബൈ സ്വദേശിയായ യുവാവാണ് ഇതിന്റെ പിന്നിലെന്നാണ് പയ്യന്നൂർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളുടെ കാമുകിയായ യുവതി നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥയാണ്.
കാമുകിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ബോംബ് ഭീഷണി മുഴക്കിയതിനു പിന്നിലെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് അക്കാദമിയിലെ രണ്ടുപേരെ ചോദ്യംചെയ്തുവരികയാണ്.
പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്,എഎസ്ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അന്വേഷണത്തിനായി മുംബൈയിലെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ 12 നാണ് കത്ത് മുഖേനയുള്ള ബോംബാക്രമണ ഭീഷണിയെ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
എയര്‍ഫോഴ്സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ടായിരുന്നു.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയിരുന്നു.ഇതേ തുടര്‍ന്ന് നവംബര്‍ 12ന് കേസെടുത്ത പോലീസ് രാജ്യരക്ഷാ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആയതിനാല്‍ നേരിട്ടുള്ള അന്വേഷണത്തിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളൊഴിവാക്കാന്‍ പയ്യന്നൂര്‍ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയും നേടിയിരുന്നു.
തുടര്‍ന്നുവന്ന അന്വേഷണത്തില്‍ കത്തിന്റെ ഉറവിടം മുംബൈയിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ പോലീസ് മുംബൈയിലെത്തിയിട്ടുള്ളത്