കെ. ഷിന്റുലാല്‍
കോഴിക്കോട് : വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോണ്‍ കോളുകള്‍ എത്തിക്കുന്ന കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ക്കു പിന്നില്‍ തീവ്രവാദ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കുന്നു.
വാട്സ് ആപ്പ് വഴിയും മറ്റും കുറഞ്ഞ ചെലവില്‍ വിദേശത്തുനിന്നു നാട്ടിലേക്കു വിളിക്കാനുള്ള സൗകര്യങ്ങളുണ്ടായിട്ടും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോയും (ഐബി) സംസ്ഥാന പോലീസും കരുതുന്നത്.
പാക്കിസ്ഥാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ഫോണ്‍കോളുകള്‍ പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്.
സംസ്ഥാനത്ത് ഏതെങ്കിലും വിധത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍സെല്ലുകള്‍ക്ക് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി സന്ദേശങ്ങള്‍ കൈമാറുന്നുണ്ടോയെന്നും പരിശോധിച്ചു വരികയാണ്.
നാലുവര്‍ഷം മുമ്പു മധ്യപ്രദേശ് തീവ്രവാദ വിരുദ്ധസേനയുടെ അന്വേഷണത്തില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനു പിന്നില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു.
അടുത്തിടെ ബംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ടെലിഫോണ്‍ എക്സ്ചേഞ്ചും പിടികൂടിയിരുന്നു. ഈ കേസില്‍ ചില മലയാളികള്‍ക്കും പങ്കുണ്ട്. ഈ അന്വേഷമാണ് കോഴിക്കോട്ടെ കേന്ദ്രത്തിലേക്ക് ഐബിയെ നയിച്ചത്.
വിദേശ കോളുകൾപരിശോധിക്കുന്നു
നിലവിലെ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിയ കോളുകള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം. ടെലികോം വിഭാഗവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് പോലീസ് നടത്താൻ ലക്ഷ്യമിടുന്നത്. ലോക്കല്‍ പോലീസാണിപ്പോള്‍ അന്വേഷണം നടത്തുന്നത്.
കൂടുതല്‍ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിനു കൈമാറാനും ആലോചിക്കുന്നുണ്ട്. ടെലികോം വിഭാഗത്തിനു കോടികളുടെ നഷ്ടമാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്.
വിദേശത്തുനിന്നുള്ള കോളുകള്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ലോക്കല്‍ കോളുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. വിദേശകോളുകള്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനിലൂടെ സ്വീകരിച്ചു ചൈനീസ് ഉപകരണത്തിന്റെ സഹായത്തോടെ രാജ്യത്തിനകത്തുനിന്നുള്ള മൊബൈല്‍ കോളുകളാക്കി മാറ്റുകയാണ്.
വാടക കെട്ടിടത്തിൽ
ടെലികോം വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥന് ഇന്നലെ കോഴിക്കോടെത്തി രേഖകള്‍ പരിശോധിച്ചു. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്നലെ ഐബിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കസബ പോലീസ് പരിധിയിലെ ചിന്താ വളപ്പിലുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ആദ്യ കേന്ദ്രം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു കൊളത്തറ ശാരദാമന്ദിരം സ്വദേശി കച്ചേരിക്കുഴില്‍ ആഷിഖ് മന്‍സിലില്‍ ജുറൈസിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയറ കെഎംഎ ബില്‍ഡിങ്, റാം മോഹന്‍ റോഡിലെ യശോദ ബില്‍ഡിംഗ്, മൂരിയാട്ടെ കെട്ടിടം, മാങ്കാവിലെ വിആര്‍എസ് കോംപ്ലക്സ്, കുണ്ടായിത്തോട്ടിലെ സന്തോഷ് ബില്‍ഡിംഗ്, പുതിയറ ശ്രീനിവാസ ലോഡ്ജിനു സമീപത്തെ കെട്ടിടം എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടങ്ങളില്‍നിന്നും ചില ഉപകരണങ്ങളും നിരവധി സിം കാര്‍ഡുകളും കണ്ടെത്തിയതായാണ് വിവരം.
രഹസ്യങ്ങളുടെ കലവറ സിം ബോക്സ്
എട്ടിടങ്ങളിലായി പോലീസ് കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്നിന്നായി പിടികൂടിയത് 900 ലേറെ വരുന്ന സിം കാര്‍ഡുകളാണ്. എക്സ്ചേഞ്ചില്‍ പ്രധാന ഘടകമായ സിം ബോക്സില്‍ 32 സിംകാര്‍ഡുകള്‍ വരെ ഉപയോഗിച്ചിരുന്നു. ഓരോ സിം കാര്‍ഡും പോലീസ് വിശദമായി പരിശോധിക്കുകയും ഇവ സൈബര്‍ സെല്ലിനു കൈമാറുകയും ചെയ്യും.
സിംകാര്‍ഡ് ആരുടെ പേരിലാണ് എടുത്തതെന്നാണ് ആദ്യം പരിശോധിക്കുന്നത്. കൂടാതെ ഏതെല്ലാം നമ്പറുകളില്‍നിന്നുള്ള ഫോണ്‍ കോളുകളാണ് ഈ സിമ്മിലേക്കു വന്നതെന്നും കോളുകളുടെ ഉറവിടം എവിടെയാണെന്നും പരിശോധിക്കും.
ഓരോ സിംകാര്‍ഡും പരിശോധിക്കുന്നതിലൂടെ സ്ഥിരമായി വരുന്ന ഫോണ്‍ കോളുകള്‍ സംബന്ധിച്ചും അത് ഏത് ഫോണിലേക്കാണ് പിന്നീട് ബന്ധിപ്പിക്കുന്നതെന്നതിനെ കുറിച്ചും അറിയാനാവും.
എക്സ്ചേഞ്ചുകളില്‍ കണ്ടെത്തിയത് വ്യാജ മേല്‍വിലാസത്തില്‍ എടുത്ത സിംകാര്ഡുകളാണെന്നാണ് പ്രാഥമിക നിഗമനം. ടെലികോം മന്ത്രാലയത്തിന്റെ എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് ആന്‍ഡ് മോണിറ്ററിംഗ് സെല്ലും പോലീസും ചേര്‍ന്നാവും സംഭവത്തില്‍ തുടരന്വേഷണം നടത്തുക എന്നാണ് വിവരം.
ആ നമ്പര്‍ നിര്‍ണായകം
കോഴിക്കോട്: പരിശോധനയ്ക്കിടെ എക്സ്ചേഞ്ചില്‍നിന്ന് അന്വേഷണ സംഘത്തിന് ഒരു മൊബൈല്‍ നമ്പര്‍ ലഭിച്ചിരുന്നു. അവിടെ അലക്ഷ്യമായി എഴുതിയ നിലയിലായിരുന്നു ഈ നമ്പര്‍. ഈ നമ്പറില്‍ പോലീസ് ബന്ധപ്പെട്ടെങ്കിലും അത് ഉത്തരേന്ത്യന്‍ സ്വദേശിയായിരുന്നു അറ്റന്‍ഡ് ചെയ്തത്. എന്നാല്‍, കൂടുതല്‍ സംസാരിക്കാന്‍ തയാറായില്ല. ഈ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
ചാലപ്പുറം സ്വദേശി
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ചാലപ്പുറം സ്വദേശിയിലേക്ക്. വര്‍ഷങ്ങളായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. അതേസമയം, പോലീസ് പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞതോടെ ഇയാള്‍ കോഴിക്കോട് നിന്നു മുങ്ങിയിരിക്കുകയാണ്.
ഇതിനിടെ, പോലീസ് കസ്റ്റഡിയിലെടുത്ത ജുറൈസിന് അനധികൃതമായുള്ള പ്രവര്‍ത്തനമാണെന്ന് അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ സജമാക്കിയിട്ടുള്ള ബാറ്ററികളിലും മറ്റും വെള്ളമൊഴിക്കുകയാണ് താന്‍ ചെയ്തതെന്നാണ് ഇയാള്‍ നല്കുന്നമൊഴി. എന്ന് മുതലാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചുവരുന്നതെന്നു ജുറൈസിനും വ്യക്തമല്ലെന്നാണ് പറയുന്നത്.
2017ൽ കണ്ടെത്തിയത്
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നേരത്തേയും കോഴിക്കോട്ട് പ്രവര്‍ത്തിച്ചിരുന്നു. 2017 ല്‍ ടൗണ്‍ പൊലീസാണ് പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്തെ ഷറഫുദ്ദീന്, അഫ്സല്, ബിനു എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
കോഴിക്കോട് ആനിഹാള്‍ റോഡിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലും വലിയങ്ങാടിയുടെ പഴയ പാസ്പോര്‍ട്ട് ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിലുമായാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ അന്നു പ്രവര്‍ത്തിച്ചത്.
വിദേശത്തുനിന്നു വരുന്ന കോളുകള്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനിലൂടെ സ്വീകരിച്ചു ചൈനീസ് ഉപകരണത്തിന്റെ സഹായത്തോടെ രാജ്യത്തിനകത്തുനിന്നുള്ള മൊബൈല്‍ കോളാക്കി മാറ്റുകയാണ് സമാന്തര ടെലികോം എക്സ്ചേഞ്ചില്‍ ചെയ്തത് എന്നാണ് കണ്ടെത്തിയത്.
ഇതിന് പരിധിയില്ലാതെ ഉപയോഗിക്കാവുന്ന അതിവേഗ ഇന്റര്‍നെറ്റ് പ്ലാനുകളും ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫ് ആക്ട്, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 406, 420 വകുപ്പുകള്‍ എന്നിവ പ്രകാരമാണ് അന്നു പോലീസ് കേസെടുത്തത്.
സ്വയം പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മിത യന്ത്രമായിരുന്നു എക്സ്ചേഞ്ചിലെ മുഖ്യ ഉപകരണം. ഒരേസമയം 32 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മറ്റുരണ്ട് ഉപകരണങ്ങളും 16 സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന എട്ട് ഉപകരണങ്ങളുമാണ് അന്നു കണ്ടെത്തിയത്. ഈ സിംകാര്‍ഡുകളില്‍ പലതും സംഘടിപ്പിച്ചതു വ്യാജമേല്‍ വിലാസമുപയോഗിച്ചാണെന്നും തെളിഞ്ഞിരുന്നു.