കൊച്ചി: പ്രളയക്കെടുതിയിൽ നനഞ്ഞുപോയതും നശിച്ചുപോയതുമായ നോട്ടുകൾ മാറ്റിയെടുക്കുന്നതിന് ഇന്ത്യൻ ബാങ്ക് അവസരമൊരുക്കുന്നു. ഇന്ത്യൻ ബാങ്കിന്റെ ആലുവ, ചെങ്ങമനാട്, നോർത്ത് പറവൂർ ബ്രാഞ്ചുകളിലാണ് കറൻസി എക്സ്ചേഞ്ച് ക്യാന്പ് സംഘടിപ്പിക്കുന്നത്.
ആലുവ ബ്രാഞ്ചിൽ നാളെയും ചെങ്ങമനാട് ബ്രാഞ്ചിൽ സെപ്റ്റംബർ ഒന്നിനും നോർത്ത് പറവൂർ ബാങ്കിൽ സെപ്റ്റംബർ മൂന്നിനുമാണ് ക്യാന്പ്. ആർബിഐയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായാണ് നോട്ടുകൾ മാറി നൽകുകയെന്ന് ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഇന്ത്യൻ ബാങ്ക് വിവിധ ക്യാന്പുകളിലേക്കു ഭക്ഷണവും വസ്ത്രങ്ങളും മറ്റു സാധനങ്ങളും വിതരണം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എസ്. രാജീവ് നാല് കോടി രൂപയും സംഭാവന ചെയ്തു.