തലയോലപറന്പ്: എക്സൈസ് വലവിരിച്ചു, ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ കൃത്യമായി വലയിൽ വന്നു വീണു.
വൈക്കം വരിക്കാംകുന്ന് ഭാഗത്ത് കഞ്ചാവ് മയക്കുമരുന്ന് ലോബികൾ പിടിമുറുക്കുന്നവെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണു വരിക്കാംക്കുന്ന് ഇരട്ടാണിക്കാവ് ക്ഷേത്രത്തിന്റെ സമീപത്തുനിന്നും കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടുപേരെ ഇന്നലെ പിടികൂടിയത്.
വൈക്കം വെള്ളൂർ വരിക്കാംകുന്ന് മന്ദാരത്തിൽ അജയ് (22), വെള്ളൂർ വരിക്കാംകുന്ന് വലിയവീട്ടിൽ വൈശാഖ് (27) എന്നിവരെയാണ് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. മജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഒരുഗ്രാം ഹാഷിഷ് ഓയിലും 63 ഗ്രാം കഞ്ചാവും ഇവരിൽ നിന്നു പിടിച്ചെടുത്തു. ഒരു ഗ്രാം ഹാഷിഷ് ഓയിൽ 2,000 രൂപയ്ക്ക് വാങ്ങിയതായാണ് ഇവർ മൊഴി നൽകിയത്.
കഞ്ചാവ് വിൽപ്പനയ്ക്കുവേണ്ടി വാങ്ങിയതാണ്. കഞ്ചാവ് വിറ്റ് ഹാഷിഷ് ഓയിൽ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ രീതി. ഇവരെ അറസ്റ്റ് ചെയ്തു എൻഡിപിഎസ് കേസ് എടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ എം.ജെ. അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. രതീഷ് കുമാർ, എസ്. ശ്യാംകുമാർ, ഇ.എ. തൻസിർ, എൻ.എസ്. സനൽ, എസ്. അജയകുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എസ്. സുമിത മോൾ, ഡ്രൈവർ ടി.വി. സാജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.