കൊച്ചി: സംസ്ഥാനത്ത് ലഹരിക്ക ടത്ത് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെടുന്ന പ്രതികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് എക്സൈസ്. പ്രതികളുടെ ഡാറ്റാ ബേസ് തയാറാക്കിയാണ് ഈ മാറ്റത്തിലേക്ക് എക്സൈസ് ചുവടുവയ്ക്കുന്നത്.
മുന്‍കാലങ്ങളില്‍ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും മറ്റും പരിശോധിക്കാന്‍ സമയമെടുക്കുന്നത് എക്സൈസിനു തലവേദനയായിരുന്നു. ഡാറ്റാ ബേസ് സംവിധാനം നിലവില്‍ വരുന്നതോടെ സമയനഷ്ടം ഉള്‍പ്പെടെയുള്ളവ മറികടക്കാനാകും.
കേസുകളിലെ പ്രതികളുടെ ചിത്രവും ഇവര്‍ ഉള്‍പ്പെട്ട കേസുകളും അന്വേഷണ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറിനു മുന്നില്‍ ഇനി മുതല്‍ സെക്കന്‍ഡുകൾക്കുള്ളിൽ തെളിയും. കഞ്ചാവ് കടത്തില്‍ കുടുങ്ങിയവരുടേതുമാത്രം മതിയെങ്കില്‍ അങ്ങനെയും കിട്ടും.
പ്രതികള്‍ മുമ്പും കേസുകളില്‍ പ്രതിയായിരുന്നോ എന്നു കണ്ടെത്താന്‍ ഇവരുടെ മൊഴികളാണ് നിലവിലെ ഏക ആശ്രയം. പിന്നെ ഉദ്യോഗസ്ഥരുടെ ഓര്‍മയും.എക്സൈസ് കേസുകളിലെ പ്രതികളുടെ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
എക്സൈസ്തന്നെ അന്വേഷിക്കുന്ന കേസില്‍ മറ്റ് ഓഫീസുകളില്‍നിന്നു കുറ്റവാളികളുടെ വിവരങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ഇതു കൈമാറാനും സാധിച്ചിരുന്നില്ല. കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എക്സൈസ് ക്രൈംസ് അണ്ടര്‍ റിഗറസ് ബീറ്റ് (ഇസിയുആര്ബി) എന്ന സോഫ്റ്റ്വേറാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ ഇതു പൂര്‍ണസജ്ജമല്ല. ഇനി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പ്രതികളുടെ പേര്, മേല്‍വിലാസം അടക്കമുള്ള വിവരങ്ങളും വിവിധ വശങ്ങളില് നിന്നെടുത്ത പ്രതിയുടെ ഫോട്ടോകളും വിരലടയാളവും കേസിന്റെ കുറിപ്പും അടക്കം പ്രത്യേകം ഡേറ്റ ബേസിലേക്കു മാറും. ഈ ഡേറ്റ ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ ഫയലുകളാക്കി സൂക്ഷിക്കും.
പ്രതികളുടെ ഡേറ്റാ ബേസിന്റെ അഭാവം പ്രതിസന്ധിയിലാക്കുന്നതു സ്ഥലം മാറിയെത്തുന്ന ഉദ്യോഗസ്ഥരെയാണ്. സ്റ്റേഷന് പരിധിയിലെ സ്ഥിരം മയക്കുമരുന്ന് ഇടപാടുകാരും വില്പനക്കാരും ആരെല്ലാമാണെന്ന് അറിഞ്ഞുവരുമ്പോള്‍ ദിവസങ്ങളെടുക്കും. കേസുകളുടെ എണ്ണം മാത്രമാണ് ഇവരുടെ മുന്നിലെത്തുന്ന ആകെ വിവരം.
കുറ്റവാളികളെ തിരിച്ചറിയാന്‍ സാധിക്കുന്ന രേഖകള്‍ ഓഫീസുകളില്‍ ഉണ്ടാകില്ലെന്നത് വന്‍ തിരിച്ചടിയായിരുന്നു. പുതിയ സംവിധാനം എസ്ഐയ്ക്കും സിഐയ്ക്കും ഒരുപോലെ ഗുണം ചെയ്യും.