വെഞ്ഞാറമൂട് : കളഞ്ഞുകിട്ടിയ രേഖകളും പണവുമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി നൽകി എക്സൈസ് ഉദ്യോഗസ്ഥർ മാതൃകയായി. വാമനപുരം എക്സൈസ് സംഘത്തിനാണ് കഴിഞ്ഞ ദിവസം രാവിലെ വാമനപുരം ജംഗ്ഷനിൽ നിന്നും റേഷൻ കാർഡ്, എടിഎം കാർഡ്, 5020 രൂപ, മറ്റു രേഖകൾ എന്നിവ അടങ്ങിയ പഴ്സ് കിട്ടിയത്.
ആനാകുടി പേഴുംമൂട് കടയിൽ വീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ വസുന്ധരന്റെ പണവും രേഖകളും അടങ്ങിയ പഴ്സാണ് എക്സൈസ് സംഘം തിരികെ നൽകിയത്.
വാമനപുരം ജംഗ്ഷനിലെ എടിഎമ്മിൽ നിന്ന് പണം എടുത്തശേഷം ഭാര്യയുടെ പെൻഷൻ സംബന്ധമായ പേപ്പറുകൾ ശരിയാക്കുന്നതിനായി വാമനപുരം പഞ്ചായത്ത് ഓഫീസിൽ പോയി മടങ്ങും വഴിയാണ് വസുന്ധരന്റെ പണവും മറ്റു കാർഡുകളും അടങ്ങുന്ന കവറും പഴ്സും നഷ്ടപ്പെട്ടത്.
കവറിലെ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ബാങ്കിൽ നിന്നും വസുന്ധരന്റെ ഫോൺനമ്പർ കണ്ടെത്തി എക്സൈസ് ഓഫീസിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാർ പണവും രേഖകളും വസുന്ധരന്ന് കൈമാറുകയായിരുന്നു.