കോഴിക്കോട്: മയക്കുമരുന്നു കടത്ത് അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിനു സഹായിക്കുന്നതിനു രൂപം കൊടുത്ത എക്സൈസിലെ സൈബര്‍ സെല്‍ പേരില്‍ മാത്രമായൊതുങ്ങി.
സെല്ലിലെ രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്ക് ഇപ്പോള്‍ മറ്റ് ഓഫീസുകളിലാണ് ഡ്യൂട്ടി. ഫലത്തില്‍ സൈബര്‍ സെല്‍ പ്രഹസനമായി മാറി.
എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിലാണ് എക്സൈസില്‍ സൈബര്‍ സെല്‍ രൂപീകരിച്ചത്.
ഇതിനായി കോഴിക്കോട് ജില്ലയില്‍ രണ്ട് സിവില്‍ എക്സ്സൈസ് ഓഫീസര്‍മാരെ എക്സൈസ് കമ്മീഷണര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരം ലഭിച്ചാല്‍ കടത്തിക്കൊണ്ടുവരുന്നവരുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി അവരെ പിന്തുടരാനും മയക്കുമരുന്ന് പിടികൂടാനും ഈ സംവിധാനം സഹായിച്ചിരുന്നു.
പിടികൂടിക്കഴിഞ്ഞാല്‍ തുടരന്വേഷണത്തിനും സൈബര്‍ സെല്ലിന്റെ േസവനം ഉപയോഗപ്പെടുത്തിയിരുന്നു. എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്.
ബോര്‍ഡ് ഉണ്ടെങ്കിലും ഓഫീസ് പ്രവര്‍ത്തനക്ഷമമല്ല. നിലവിലുള്ള രണ്ടു ജീവനക്കാരും മറ്റ് ഓഫീസുകളിലാണ് നിലവില്‍ ജോലി ചെയ്യുന്നത്.
ഒരാള്‍ക്ക് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ഓഫീസിലാണ് ഇപ്പോള്‍ ജോലി. മറ്റൊരു ജീവനക്കാരന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ സ്പെഷല്‍ ഡ്യൂട്ടിയിലും. നേരത്തെ സൈബര്‍ സെല്ലിലെ രണ്ടു പ്രധാന ഓഫീസര്‍മാരെ സ്ഥലംമാറ്റിയിരുന്നു.