കോഴിക്കോട് : ബ്രൂവറി, ഡിസ്റ്റിലറി വിവാദം കെട്ടടങ്ങുന്നതിന് പിന്നാലെ എക്സൈസ് വകുപ്പില്‍ ഡ്യൂട്ടി ഓഫ് “കലഹം’. ആറു ദിവസം മുഴുവന്‍ ഡ്യൂട്ടിയെടുത്തവര്ക്ക് ഏഴാമത്തെ ദിവസം നല്കുന്ന അവധി വെട്ടിക്കുറിച്ചതാണ് സേനാംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. ഇതിനെതിരേ സേനയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
സ്പെഷല്‍ ഡ്രൈവ് കാലഘട്ടത്തിലാണ് ഡ്യൂട്ടി ഓഫ് അനുവദിക്കാതിരുന്നത്. അതേസമയം ഇത് എക്സൈസ് മാന്വലിന് എതിരാണെന്നാണു ഇവരുടെ വാദം.
ഇതിനു പുറമേ 24 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിനായി പോവുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ ഹാജര്‍പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. “ആര്’ എന്ന് ചുവന്ന മഷിയില്‍ രേഖപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം.
ഇവര്‍ക്കും തുടര്‍ച്ചയായ ആറു ദിവസത്തെ ഡ്യൂട്ടിക്കു ശേഷം മാത്രമേ വീക്ക് ലി ഓഫ് നല്‍കാവൂ എന്നാണ് നിര്‍ദേശം. ഡ്യൂട്ടി ദിവസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ “ആര്’ എന്ന് രേഖപ്പെടുത്തിയത് പരിഗണിക്കേണ്ടായെന്നാണ് പറയുന്നതെങ്കിലും വിശ്രമം ഡ്യൂട്ടി ഓഫ് ആയി പരിഗണിക്കുന്നുണ്ട്.
ഇക്കാര്യം എക്സൈ് മന്ത്രിയുടെ ശ്രദ്ധയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും ഡ്യൂട്ടി ഓഫ് വിവാദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാധാരണയായി 24 മണിക്കൂര്‍ ഡ്യൂട്ടിയെടുത്താല്‍ അടുത്ത ദിവസം ഡ്യൂട്ടി ഓഫ് ആയാണ് കാണുന്നത്. ഇക്കാര്യം പ്രത്യേകമായി രേഖപ്പെടുത്താറില്ല. ഇവര്‍ക്ക് ഈ ഓഫ് കണക്കിലെടുക്കാതെയായിരുന്നു ആഴ്ചയില്‍ ഒരു ദിവസം ഡ്യൂട്ടി ഓഫ് അനുവദിച്ചത്.
ഇപ്രകാരം ഹാജരാകതിരുന്ന എര്‍ണാകുളം ജില്ലയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഡ്യൂട്ടി റെസ്റ്റ് കഴിഞ്ഞ് ആറു ദിവസത്തെ ജോലിക്ക് ശേഷമേ ആഴ്ച അവധി അനുവദിച്ചിരുന്നുള്ളൂ. ഇത് ലംഘിച്ച് അവധിയെടുത്തതിനെതിരേയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഇത്തരത്തില്‍ അവധിയെടുത്തവര്ക്കെതിരേ നടപടി സ്വീകരിക്കുന്ന വകുപ്പിന്റെ നടപടി അവകാശങ്ങള്‍ക്കു മേലുള്ള ലംഘനമാണെന്നാണ് സേനാംഗങ്ങള്‍ പറയുന്നത്.